റൊണാൾഡോക്ക് എട്ടിന്റെ പണി വരുന്നുണ്ടേ? റിപ്പോർട്ട്
Football
റൊണാൾഡോക്ക് എട്ടിന്റെ പണി വരുന്നുണ്ടേ? റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th February 2024, 4:57 pm

സൗദി പ്രോ ലീഗില്‍ ഫെബ്രുവരി 25 നടന്ന മത്സരത്തില്‍ അരങ്ങേറിയ സംഭവത്തിന് പിന്നാലെ അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ അന്വേഷണം ആരംഭിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മത്സരത്തില്‍ ഷബാബ് ആരാധകര്‍ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ പേര് ഗ്യാലറിയില്‍ ഉച്ചത്തില്‍ വിളിച്ചപ്പോള്‍ റൊണാള്‍ഡോ പ്രതികരിക്കുകയായിരുന്നു.

ആരാധകരോടുള്ള റൊണാള്‍ഡോ പ്രതികരണം അശ്ലീലകരമാണെന്നുള്ള പേരിലാണ് റൊണാള്‍ഡോക്കെതിരെ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അന്വേഷണം ആരംഭിച്ചതെന്നാണ് സൗദി മാധ്യമമായ അഷറഫ് അല്‍ അവ്‌സത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം മത്സരത്തില്‍ അല്‍ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപെടുത്തിയത്.

മത്സരത്തിന്റെ 21ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് റൊണാള്‍ഡോയാണ് അല്‍ നസറിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ യാനിക്ക് കറാസ്‌കോ അൽ ഷബാബിനായി മറുപടി ഗോള്‍ നേടി ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

രണ്ടാം പകുതിയില്‍ 46, 86 മിനിട്ടുകളില്‍ ബ്രസീലിയന്‍ താരം ടാലിസ്‌ക നേടിയ ഇരട്ടഗോളിലൂടെ അല്‍ നാസര്‍ മത്സരം സ്വന്തമാക്കുകയായിരുന്നു. 67ാം മിനിട്ടില്‍ കാര്‍ലോസിലൂടെയാണ് അല്‍ ശബാബ് രണ്ടാം ഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ അല്‍ഷബാദ് താരം അബ്ദുല്ല റാഡിഫ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിരുന്നു.

ജയത്തോടെ സൗദിയില്‍ 21 മത്സരങ്ങളില്‍ നിന്നും 17 വിജയങ്ങളും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം 52 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും.

സൗദി ലീഗില്‍ ഫെബ്രുവരി 29ന് അല്‍ ഹസാമിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവാല്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Reports saysSaudi Arabian Football Federation have opened an investigation against Cristiano Ronaldo