സിദാന്‍ റയലിലേക്ക് തിരിച്ചു വരുമോ? പക്ഷേ നാല് വ്യവസ്ഥകള്‍ അംഗീകരിക്കണം, റിപ്പോര്‍ട്ട്
Football
സിദാന്‍ റയലിലേക്ക് തിരിച്ചു വരുമോ? പക്ഷേ നാല് വ്യവസ്ഥകള്‍ അംഗീകരിക്കണം, റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th November 2023, 3:55 pm

റയല്‍ മാഡ്രിഡിനൊപ്പമുള്ള കാര്‍ലോ ആന്‍സെലോട്ടിയുടെ കരാര്‍ ഈ സീസണോടുകൂടി അവസാനിക്കും. ഈ സാഹചര്യത്തില്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള ഒരാള്‍ ഫ്രഞ്ച് ഇതിഹാസവും മുന്‍ റയല്‍ പരിശീലകനുമായ സിനദീന്‍ സിദാന്‍ ആണ്.

ഇപ്പോഴിതാ സിദാന്‍ റയല്‍ മാഡ്രിഡിലേക്ക് മടങ്ങിവരണമെങ്കില്‍ നാല് വലിയ നിബന്ധനങ്ങള്‍ വെച്ചിട്ടുണ്ടെന്നാണ് എല്‍ നാഷലിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

റയലിന്റെ കാലത്തെ മികച്ച ഗോള്‍ വേട്ടക്കാരിലൊരാളായ ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സിമ സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദിലേക്ക് പോയിരുന്നു. റയലിന്റെ മുന്നേറ്റനിരയില്‍ ഫ്രഞ്ച് താരത്തിന്റെ അഭാവം നികത്താന്‍ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും കിലിയന്‍ എംബാപ്പെയെ ടീമിലെത്തിക്കണമെന്നാണ് സിദാന്റെ ആദ്യത്തെ ആവശ്യം.

ഫ്രഞ്ച് ഇതിഹാസത്തിന്റെ രണ്ടാമത്തെ ആവശ്യം റയലിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷൻ ശക്തിപ്പെടുത്തുക എന്നാണ്. ഇടതുവിങ്ങിൽ അൽഫോൺസോ ഡേവിസിനെ റയൽ മാഡ്രിഡ്‌ സൈൻ ചെയ്യണമെന്നായിരുന്നു. ബയേണ്‍ മ്യൂണിക്കുമായി 2025ല്‍ ആണ് ഡേവിസിന്റെ കരാര്‍ അവസാനിക്കുക. ഈ അവസരം ഉപയോഗപ്പെടുത്താന്‍ റയലിന് സാധിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

സിദാന്റെ മൂന്നാമത്തെയും നാലാമത്തെയും വ്യവസ്ഥകള്‍ ലൂക്ക മോഡ്രിച്ചിനേയും ടോണി ക്രൂസിനേയും നിലനിര്‍ത്തുക എന്നതായിരുന്നു. ഇരുതാരങ്ങളും റയലിനായി അവിസ്മരണീയ നേട്ടങ്ങള്‍ സ്വന്തമാക്കിയവരാണ്. അതുകൊണ്ട് തന്നെ തിരിച്ചുവരവിന്റെ പ്രധാന വ്യവസ്ഥയായി സിദാന്‍ റയലിന് മുന്നില്‍ വെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

2013 മുതല്‍ 2021 വരെ ലോസ് ബ്ലാങ്കോസിനൊപ്പം പരിശീലകനായി സിദാന്‍ ഉണ്ടായിരുന്നു. റയലിനെ ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ ഫ്രഞ്ച് ഇതിഹാസത്തിന് സാധിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ സിദാന്റെ ഈ നേട്ടം വളരെ ശ്രദ്ധേയമാണ്.

കാര്‍ലോ ആന്‍സലോട്ടിക്ക് പകരക്കാരനായി സിദാന്‍ വീണ്ടും പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

Content Highlight: Reports says Zinedine Zidane sets four big conditions for Real Madrid return next summer.