ഐ.പി.എല്‍ 2025ന് മുന്നോടിയായി മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സില്‍ വമ്പന്‍ അഴിച്ചുപണികള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മെന്റര്‍ സ്ഥാനത്ത് നിന്നും ഗാരി കേഴ്‌സറ്റണ്‍ ഗുഡ് ബൈ പറഞ്ഞതിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്നും മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആശിഷ് നെഹ്‌റയും പടിയിറങ്ങിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ടൈറ്റന്‍സിനെ അവരുടെ കന്നി സീസണില്‍ തന്നെ ചാമ്പ്യന്‍മാരും രണ്ടാം സീസണില്‍ രണ്ടാം സ്ഥാനക്കാരുമാക്കിയ പരിശീലകനാണ് നെഹ്‌റ. പുതിയ സീസണില്‍ താരം ടീമിനൊപ്പമുണ്ടായേക്കില്ല. നെഹ്‌റക്ക് പുറമെ ക്രിക്കറ്റ് ഡയറക്ടര്‍ വിക്രം സോളങ്കിയും ടൈറ്റന്‍സിനോട് വിടപറയുകയാണ്.
നെഹ്‌റയുടെ പകരക്കാരനായി ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോയും നെഹ്‌റയുടെ അടുത്ത സുഹൃത്തുമായ യുവരാജ് സിങ്ങിനെയാണ് ടൈറ്റന്‍സ് പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.
‘ടീമില്‍ പല വലിയ മാറ്റങ്ങളുമുണ്ടായേക്കാം. ആശിഷ് നെഹ്‌റയും വിക്രം സോളങ്കിയും പടിയിറങ്ങാന്‍ സാധ്യതകളേറെയാണ്, ഇതിനൊപ്പം യുവരാജ് സിങ്ങിനെ ടീമിന്റെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുമുണ്ട്.
നിലവില്‍ ഒന്നും തന്നെ തീരുമാനിക്കപ്പെട്ടിട്ടില്ല. പക്ഷേ ഗുജറാത്ത് ടൈറ്റന്‍സിന്റെ കോച്ചിങ് സറ്റാഫുകളില്‍ കാര്യമായ മാറ്റങ്ങളുണ്ടായേക്കും,’ ടീമുമായി അടുത്ത വൃത്തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു.
ടീമിന്റെ ഉടമസ്ഥാവകാശം മാറുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോഴാണ് പരിശീലക സ്ഥാനത്തും മാറ്റങ്ങള്‍ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
2022ലാണ് ഗുജറാത്ത് ടൈറ്റന്‍സ് ഐ.പി.എല്ലിന്റെ ഭാഗമാകുന്നത്. ഹര്‍ദിക് പാണ്ഡ്യയും ശുഭ്മന്‍ ഗില്ലും മുഹമ്മദ് ഷമിയുമടക്കം വമ്പന്‍ താരനിരയുമായാണ് ടൈറ്റന്‍സ് കന്നിയങ്കത്തിനിറങ്ങിയത്. ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്താനും ടീമിനായി. സ്വന്തം തട്ടകത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയാണ് ടൈറ്റന്‍സ് കിരീടമുയര്‍ത്തിയത്.
രണ്ടാം സീസണിലും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. തുടര്‍ച്ചയായ രണ്ടാം സീസണിലും ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് അവസാന പന്തില്‍ ടീം പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ മൂന്നാം സീസണില്‍ ടീമിന് തിരിച്ചടിയേറ്റു. നായകന്‍ ഹര്‍ദിക് പാണ്ഡ്യ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലെത്തിയപ്പോള്‍ ശുഭ്മന്‍ ഗില്ലിനെയാണ് ടൈറ്റന്‍സ് ക്യാപ്റ്റന്‍സിയേല്‍പിച്ചത്. ടൈറ്റന്‍സ് സ്വീകരിച്ച ഏറ്റവും മോശം തീരുമാനങ്ങളിലൊന്നായിരുന്നു ഇത്. മൂന്നാം സീസണില്‍ എട്ടാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
Content highlight: Reports says Yuvraj Singh will replace Ashish Nehra as Gujarat Titans’ coach