| Saturday, 14th January 2023, 7:02 pm

റൊണാള്‍ഡോക്ക് പിന്നാലെ ജോണ്‍ സീനയെയും ട്രിപ്പിള്‍ എച്ചിനെയും സ്വന്തമാക്കി സൗദി അറേബ്യ?

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള റെസ്‌ലിങ് പ്രൊമോഷനാണ് വേള്‍ഡ് റെസ്‌ലിങ് എന്റെര്‍ടെയ്ന്‍മെന്റ് എന്ന ഡബ്ല്യൂ.ഡബ്ല്യൂ.ഇ. എത്രയോ റൈവല്‍ റെസ്‌ലിങ് കമ്പനികള്‍ ഉടലെടുത്തിട്ടും അവയില്‍ പലതും ഇല്ലാതായിട്ടും ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇന്നും പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്ത് അതികായരായി തുടരുകയാണ്.

വിന്‍സെന്റ് കെന്നഡി മെക്മാന്‍ എന്ന വിന്‍സ് മെക്മാനായിരുന്നു ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ചെയര്‍മാന്‍. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ലൈംഗിക ആരോപണത്തിന് പിന്നാലെ മെക്മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ മെക്മാന്‍ വീണ്ടും സ്ഥാനമേല്‍ക്കുകയും മെക്മാന്റെ മകളും പ്രമോഷന്റെ കോ സി.ഇ.ഒയുമായ സ്റ്റെഫനി മെക്മാന്‍ രാജിവെക്കുകയും ചെയ്തതിന് പിന്നാലെ ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്.

അതേസമയം, സ്റ്റെഫനി രാജവെച്ചെങ്കിലും ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇതിഹാസ താരവും മള്‍ട്ടിപ്പിള്‍ ടൈംസ് വേള്‍ഡ് ചാമ്പ്യനും, സ്റ്റെഫനിയുടെ പങ്കാളിയുമായ ട്രിപ്പിള്‍ എച്ച് കമ്പനിക്കൊപ്പം തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍ റിങ് കരിയറിനോട് വിടപറഞ്ഞ ശേഷം ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ചീഫ് കണ്ടന്റ് ഓഫീസറായാണ് താരം ചുമതലയേറ്റത്.

ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചെയര്‍മാന്‍ പ്രൊമോഷനെ സൗദി അറേബ്യയിലെ ഒരു കമ്പനിക്ക് വിറ്റു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെയാണ് റെസ്‌ലിങ് സര്‍ക്യൂട്ടിന് പുറത്തുള്ള ചര്‍ച്ചകളിലേക്ക് പോലും ഡബ്ല്യൂ.ഡബ്ല്യൂ.ഇ എത്തിയത്.

ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ കണ്‍ട്രോളര്‍ ഷെയര്‍ ഹോള്‍ഡര്‍ കൂടിയായ മെക്മാന്‍ കമ്പനിയെ ഒരു പൊതു ഓഹരിയില്‍ നിന്ന് ഒഴിവാക്കാനും ഒരു സ്വകാര്യ ബിസിനസ് ആക്കി മാറ്റാനുമുള്ള ഒരുക്കങ്ങള്‍ നടത്തിയെന്നാണ് ഡി.എ.സെഡ്.എന്‍ (DAZN) പ്രോ റെസ്‌ലിങ് റിപ്പോര്‍ട്ടര്‍ സ്റ്റീവന്‍ മ്യൂല്‍ഹൗസന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

1999 ഓഗസ്റ്റിലാണ് മെക്മാന്‍ കുടുംബത്തിന്റെ അധീനതയില്‍ നിന്നും പൊതു രംഗത്തേക്ക് ഡബ്ല്യൂ.ഡബ്ല്യൂ.ഇ (അന്നത്തെ ഡബ്ല്യൂ.ഡബ്ല്യൂ.എഫ്) കാലെടുത്ത് വെക്കുന്നത്.

മുമ്പ് വേള്‍ഡ് വൈഡ് റെസ്‌ലിങ് ഫെഡറേഷനില്‍ നിന്ന് വേള്‍ഡ് റെസ്‌ലിങ് ഫെഡറേഷനിലേക്കും തുടര്‍ന്ന് വേള്‍ഡ് റെസ്‌ലിങ് എന്റെര്‍ടെയ്ന്‍മെന്റിലേക്കുമുള്ള കമ്പനിയുടെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. ഒരിക്കല്‍ പൊതുരംഗത്തേക്ക് വന്ന ബ്രാന്‍ഡ് പ്രൊമോഷന്‍ വീണ്ടും സ്വകാര്യ രംഗത്തേക്ക് മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ വില്‍ക്കുമെന്ന് മെക്മാന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഈ വില്‍പനയുമായുള്ള കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.

ഈ വില്‍പന നടന്നാല്‍ അമേരിക്കന്‍ പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്ത് ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ കൊടികുത്തി വാഴ്ച അവസാനിക്കുമെന്നുറപ്പാണ്. ഡബ്ല്യൂ.ഡബ്ല്യൂ.ഇ സൗദിയേലിക്ക് കൂടുമാറ്റുമ്പോള്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ സൂപ്പര്‍ താരങ്ങളും ഒപ്പം പറക്കും.

Content Highlight: Reports says WWE chairman Vincent Kennedy McMahon sold WWE to a company in Saudi Arabia
We use cookies to give you the best possible experience. Learn more