പാകിസ്ഥാന്‍ സെമിയിലെത്തിയില്ലെങ്കില്‍ ബാബറിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കും; റിപ്പോര്‍ട്ടുകള്‍
Cricket
പാകിസ്ഥാന്‍ സെമിയിലെത്തിയില്ലെങ്കില്‍ ബാബറിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കും; റിപ്പോര്‍ട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th October 2023, 12:20 pm

ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന്‍ എട്ട് വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഈ തോല്‍വിക്ക് പിന്നാലെ ഒരുപാട് വിമര്‍ശനങ്ങള്‍ പാകിസ്ഥാന്‍ ടീമിനെതിരെ ഉയര്‍ന്നുവന്നിരുന്നു.

ഈ സാഹചര്യത്തിലാണ് പാക് നായകന്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇപ്പോള്‍ ലോകകപ്പിലും പാകിസ്ഥാന്‍ ടീമിന്റെ മോശം പ്രകടനങ്ങളെതുടര്‍ന്ന് ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വൈകാതെ നഷ്ടപ്പെടും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

‘പാകിസ്ഥാന്‍ ഈ ലോകകപ്പില്‍ ഒരു അത്ഭുതം കാണിക്കുകയും ബാക്കിയുള്ള മത്സരങ്ങളെല്ലാം വിജയിച്ച് സെമിയിലേക്ക് യോഗ്യത നേടിയാല്‍ മാത്രമേ ബാബറിനെ ക്യാപ്റ്റനായി തുടരാന്‍ കഴിയുകയുള്ളൂ. ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാബറിന് അനിയന്ത്രിതമായ അധികാരം ലഭിച്ചു. ബാബറിന് ഇഷ്ടമുള്ള താരങ്ങള്‍ മാത്രമാണ് ടീമില്‍ ഉണ്ടായിരുന്നത്. അദ്ദേഹം അധികാരം കുറക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഏഷ്യാകപ്പിലെയും ലോകകപ്പിലെയും തോല്‍വികളുടെ ഉത്തരവാദിത്വം അവനിലാണ്,’ ഏറ്റവും അടുത്ത ഉറവിടപ്രകാരം ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പിന് ശേഷം നടക്കുന്ന ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയിലും ന്യൂസിലന്‍ഡുമായുള്ള ഏകദിന പരമ്പരയിലും പാകിസ്ഥാന്‍ ടീമില്‍ പുതിയ ക്യാപ്റ്റന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടെസ്റ്റ്, ഏകദിനം എന്നീ ഫോര്‍മാറ്റുകളില്‍ സറഫറസ് ഖാനും ടി-20 യില്‍ ഷഹീനും പുതുതായി ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് വന്ന പാകിസ്ഥാന്‍ പിന്നീട് നടന്ന മൂന്ന് മത്സരങ്ങളും പരാജയപ്പെടുകയായിരുന്നു. നിലവില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. ഇനി വരാനിരിക്കുന്ന മത്സരങ്ങള്‍ എല്ലാം വിജയിച്ചാല്‍ മാത്രമേ പാകിസ്ഥാന് സെമിഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താനാവൂ.

ഒക്ടോബര്‍ 26ന് സൗത്ത് ആഫ്രിക്കക്കെതിരെയാണ് പാകിസ്ഥാന്‍ അടുത്ത മത്സരം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Reports says will Babar Asam captaincy will lost if Pakisthan fail to qualify semifinal.