വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിളില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറക്കുക. ജൂണ്‍ 20നാണ് പട്ടൗഡി ട്രോഫിക്കുള്ള പരമ്പര ആരംഭിക്കുന്നത്. ലീഡ്‌സിലാണ് ആദ്യ മത്സരം.
ഈ പരമ്പരയും പരമ്പരയ്ക്കായി വിരാട് നടത്തനൊരുങ്ങുന്ന മുന്നൊരുക്കങ്ങളുമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ഇംഗ്ലണ്ടിനെതിരെ അവരുടെ തട്ടകത്തിലെത്തി കളിക്കുന്നതിന് മുമ്പ് വിരാട് കൗണ്ടി ക്രിക്കറ്റിന്റെ ഭാഗമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ശ്രമമാണിതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഈ പരിശീലനം ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഒരുപക്ഷേ ആര്‍.സി.ബി പ്ലേ ഓഫിന് യോഗ്യത നേടുകയാണെങ്കില്‍ ഈ നീക്കം കാണാന്‍ സാധ്യതകള്‍ കുറവാണ്.
ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നത് ജൂണ്‍ 20നാണ്, ഐ.പി.എല്‍ ഫൈനലാകട്ടെ മെയ് 25നും. ഐ.പി.എല്ലിന് ശേഷം കൗണ്ടിയില്‍ രണ്ടാഴ്ചയില്‍ കുറഞ്ഞ സമയം മാത്രമായിരിക്കും വിരാടിന് ലഭിക്കുക. ഈ ചെറിയ സമയത്തില്‍ പരിശീലനം നടത്തുക എന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
റേവ്‌സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐ.പി.എല്ലിന് ശേഷം വിരാട് കൗണ്ടി ക്രിക്കറ്റ് കളിച്ചേക്കും. ആര്‍.സി.ബി പ്ലേ ഓഫിന് യോഗ്യത നേടിയില്ലെങ്കില്‍ മാത്രമായിരിക്കും ഇത് സംഭവിക്കാന്‍ സാധ്യത.
ഐ.പി.എല്‍ പൂര്‍ണമായും ഒഴിവാക്കി കൗണ്ടിയില്‍ പരിശീലനം നടത്തി ഇംഗ്ലണ്ടിനെതിരെ തയ്യാറെടുക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. എന്നാല്‍ വിരാട് അതിന് തയ്യാറാകാന്‍ സാധ്യതയില്ല.
ഇത്തരത്തില്‍ വലിയ മത്സരങ്ങള്‍ക്ക് മുമ്പ് ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കാതെ ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നത് ഏറെ ഗുണകരമാകുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തെളിയിച്ച കാര്യമാണ്.
ഐ.പി.എല്‍ 2023 കളിക്കാതെ താരം ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് ആഷസിനും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുമായി പരിശീലനം നടത്തിയിരുന്നു. ഈ നീക്കം ഫലം കാണുകയും ചെയ്തു. ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ടെസ്റ്റ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ആഷസ് 2-2ന് സമനിലയിലാക്കി ട്രോഫി നിലനിര്‍ത്തുകയും ചെയ്തു.
നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒന്നിന് പിറകെ ഒന്നായി മോശം പ്രകടനം തുടരുന്ന വിരാടിന് തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്താന്‍ ഈ പരിശീലനം സഹായിച്ചേക്കും. വിരാട് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു.
Content Highlight: Reports says Virat Kohli will p[lay county cricket after IPL