ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ ആധിപത്യത്തിന് വിരാമമായതോടെ ടീമിനെതിരെ ആരാധകര്‍ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ തൊടുത്തുവിട്ടിരുന്നു. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കണമെന്നും ഗൗതം ഗംഭീര്‍ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
പരമ്പരയിലുടനീളം പരാജയപ്പെട്ടതോടെയാണ് ആരാധകര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും ആരാധകരുടെ അനിഷ്ടത്തിന് പാത്രമാകേണ്ടി വന്നത്. ഇരുവരും ശരാശരിയ്ക്കും താഴെയുള്ള പ്രകടനമാണ് പുറത്തെടുത്തത്.
കളിച്ച ആറ് ഇന്നിങ്‌സില്‍ അഞ്ച് തവണയാണ് രോഹിത് ഒറ്റയക്കത്തിന് പുറത്തായത്. ഇരട്ടയക്കം കണ്ട മത്സരത്തില്‍ നേടിയതാകട്ടെ പത്ത് റണ്‍സും. വിരാട് കോഹ്‌ലിയാകട്ടെ ഓഫ് സ്റ്റംപ് ട്രാപ്പില്‍ വീണ്ടും വീണ്ടും കുടങ്ങിയാണ് പുറത്തായത്.
ഈ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ വ്യക്തമാക്കുകയാണ് ബി.സി.സി.ഐ. രോഹിത്തും വിരാടും ഗംഭീറും ടീമിന്റെ ഭാഗമായി തുടരുമെന്നും ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധ ചാമ്പ്യന്‍സ് ട്രോഫിയുമാണെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഫെബ്രുവരിയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ജൂണില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ഇവര്‍ ടീമിലുണ്ടാകുമെന്നാണ് ആദ്ദേഹം നല്‍കുന്ന സൂചന.
‘ടീമിനെ കുറിച്ചും അവരുടെ പ്രകടനങ്ങളെ കുറിച്ചുമുള്ള അവലോകന യോഗം ഉണ്ടാകും, എന്നാല്‍ ആരെയും പുറത്താക്കില്ല. ഒരു പരമ്പരയിലെ ബാറ്റര്‍മാരുടെ മോശം പ്രകടനത്തിന് പരിശീലകനെ ഒരിക്കലും പുറത്താക്കാന്‍ കഴിയില്ല. ഗൗതം ഗംഭീര്‍ പരിശീലകനായി തുടരും. വിരാടും രോഹിതും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കും. ഇപ്പോള്‍ ശ്രദ്ധ ചാമ്പ്യന്‍സ് ട്രോഫിയിലാണ്,’ ഐ.എ.എന്‍.എസിനോട് ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യയെ ടി-20 കിരീടം ചൂടിച്ച രാഹുല്‍ ദ്രാവിഡില്‍ നിന്നും ബാറ്റണ്‍ സ്വീകരിച്ച ഗൗതം ഗംഭീറിന് കീഴില്‍ മികച്ച രീതിയിലാണ് ഇന്ത്യന്‍ ടീം ക്യാമ്പെയ്ന്‍ ആരംഭിച്ചത്. എന്നാല്‍ പോകെ പോകെ ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞു.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ട പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സ്ട്രാറ്റജികള്‍ പൂര്‍ണമായും പാളുന്ന കാഴ്ചയ്ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഗംഭീര്‍ യുഗത്തില്‍ ഇതുവരെയില്ലാത്ത പല മോശം നേട്ടങ്ങളും വന്‍ പരാജയങ്ങളും ഇന്ത്യയെ തേടിയെത്തി.
– 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യ ശ്രീലങ്കയോട് ഏകദിന പരമ്പര പരാജയപ്പെട്ടു.
– ചരിത്രത്തിലാദ്യമായി, മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് 30 വിക്കറ്റുകളും നഷ്ടമായി.
– 45 വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ ഇയറില്‍ ഒറ്റ ഏകദിന മത്സരം പോലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല.
– 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ന്യൂസിലാന്‍ഡ് ഇന്ത്യന്‍ സാഹചര്യത്തില്‍ ടെസ്റ്റ് മത്സരം വിജയിച്ചു.
– 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യ ചിന്നസ്വാമിയില്‍ ഒരു ടെസ്റ്റ് മത്സരം പരാജയപ്പെട്ടു.
– 1983ന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ഹോം ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടു.
– 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചു.
– ചരിത്രത്തിലാദ്യമായി ഹോം ടെസ്റ്റില്‍ 50ല്‍ താഴെ റണ്‍സ് നേടി.
– ചരിത്രത്തിലാദ്യമായി ഇന്ത്യ ഇന്ത്യയില്‍ വെച്ച് ന്യൂസിലാന്‍ഡിനോട് പരമ്പര പരാജയപ്പെട്ടു.
– ചരിത്രത്തിലാദ്യമായി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ 3-0ന് പരാജയപ്പെടുത്തി.
– 2000ന് ശേഷം ഒന്നിലധികം മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പരയില്‍ ഒരു ടെസ്റ്റ് പോലും വിജയിക്കാതെ പരാജയം.
– 2012ന് ശേഷം ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരത്തിലും പരാജയം.
– ഹോം കണ്ടീഷനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം (3-0).
– 2014-15ന് ശേഷം ഓസ്ട്രേലിയക്കെതിരെ ആദ്യമായി ടെസ്റ്റ് പരമ്പര പരാജയപ്പെട്ടു.
– ആദ്യമായി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയി.
Content Highlight: Reports says Virat Kohli, Rohit Sharma and Gautam Gambhir will continue with Indian Team