കളിച്ച ആറ് ഇന്നിങ്‌സില്‍ അഞ്ച് തവണയാണ് രോഹിത് ഒറ്റയക്കത്തിന് പുറത്തായത്. ഇരട്ടയക്കം കണ്ട മത്സരത്തില്‍ നേടിയതാകട്ടെ പത്ത് റണ്‍സും. വിരാട് കോഹ്‌ലിയാകട്ടെ ഓഫ് സ്റ്റംപ് ട്രാപ്പില്‍ വീണ്ടും വീണ്ടും കുടങ്ങിയാണ് പുറത്തായത്.
ഈ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ വ്യക്തമാക്കുകയാണ് ബി.സി.സി.ഐ. രോഹിത്തും വിരാടും ഗംഭീറും ടീമിന്റെ ഭാഗമായി തുടരുമെന്നും ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധ ചാമ്പ്യന്‍സ് ട്രോഫിയുമാണെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഫെബ്രുവരിയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ജൂണില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ഇവര്‍ ടീമിലുണ്ടാകുമെന്നാണ് ആദ്ദേഹം നല്‍കുന്ന സൂചന.
‘ടീമിനെ കുറിച്ചും അവരുടെ പ്രകടനങ്ങളെ കുറിച്ചുമുള്ള അവലോകന യോഗം ഉണ്ടാകും, എന്നാല്‍ ആരെയും പുറത്താക്കില്ല. ഒരു പരമ്പരയിലെ ബാറ്റര്‍മാരുടെ മോശം പ്രകടനത്തിന് പരിശീലകനെ ഒരിക്കലും പുറത്താക്കാന്‍ കഴിയില്ല. ഗൗതം ഗംഭീര്‍ പരിശീലകനായി തുടരും. വിരാടും രോഹിതും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കും. ഇപ്പോള്‍ ശ്രദ്ധ ചാമ്പ്യന്‍സ് ട്രോഫിയിലാണ്,’ ഐ.എ.എന്‍.എസിനോട് ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഗൗതം ഗംഭീര്‍
ഇന്ത്യയെ ടി-20 കിരീടം ചൂടിച്ച രാഹുല്‍ ദ്രാവിഡില്‍ നിന്നും ബാറ്റണ്‍ സ്വീകരിച്ച ഗൗതം ഗംഭീറിന് കീഴില്‍ മികച്ച രീതിയിലാണ് ഇന്ത്യന്‍ ടീം ക്യാമ്പെയ്ന്‍ ആരംഭിച്ചത്. എന്നാല്‍ പോകെ പോകെ ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞു.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ട പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സ്ട്രാറ്റജികള്‍ പൂര്‍ണമായും പാളുന്ന കാഴ്ചയ്ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഗംഭീര്‍ യുഗത്തില്‍ ഇതുവരെയില്ലാത്ത പല മോശം നേട്ടങ്ങളും വന്‍ പരാജയങ്ങളും ഇന്ത്യയെ തേടിയെത്തി.