ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ റൈവല്‍റികളിലൊന്നായിരുന്നു വിരാട് കോഹ്‌ലി-ഗൗതം ഗംഭീര്‍ എന്നിവരുടേത്. കളിക്കളത്തില്‍ ഏറ്റവും അഗ്രസ്സീവായ രണ്ട് താരങ്ങള്‍ പരസ്പരം നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ഗ്രൗണ്ടില്‍ കയ്യാങ്കളിയുടെ വക്കില്‍ വരെ കാര്യങ്ങളെത്തിയിരുന്നു.
2013 ഐപി.എല്ലിനിടെ കൊമ്പുകോര്‍ത്ത ഇരുവരും 2023 ഐ.പി.എല്ലിനിടെയും വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. ഏഷ്യാ കപ്പിനിടെ കോഹ്‌ലി എന്ന് ചാന്റ് ചെയ്ത ആരാധകനെതിരെ അശ്ലീല ആംഗ്യം കാണിച്ചും ഗംഭീര്‍ വിവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഒടുവില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ച ആള്‍ക്കെതിരെയാണ് താന്‍ അശ്ലീല ആംഗ്യം കാണിച്ചതെന്ന് പറഞ്ഞാണ് ഗംഭീര്‍ തടിതപ്പിയത്.
വിരാടിന്റെ മികവില്‍ 2022 ടി-20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ വിജയിച്ചപ്പോള്‍ അസ്വസ്ഥനായ ഗംഭീറിനെ ആരാധകര്‍ ഒരിക്കലും മറക്കാനും ഇടയില്ല. ഇന്ത്യയും പാകിസ്ഥാനും മെല്‍ബണിലേറ്റുമുട്ടിയപ്പോഴുള്ള കമന്ററി ക്ലിപ് സ്റ്റാര്‍ സ്പോര്‍ട്സ് പങ്കുവെച്ചതോടെയാണ് ആരാധകര്‍ ഗംഭീറിന്റെ റിയാക്ഷന്‍ കണ്ട് ഞെട്ടിയത്.
കോഹ്‌ലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന മാച്ചിന്റെ അവസാന ഘട്ടത്തിലേക്കാണ് ഗംഭീര്‍ അസ്വസ്ഥനായി കാണപ്പെട്ടത്. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഹിന്ദി കമന്ററി ടീമില്‍ ആകാശ് ചോപ്രയ്ക്കും സഞ്ജയ് ബാംഗറിനുമൊപ്പമായിരുന്നു ഗംഭീര്‍ കമന്റി ബോക്സില്‍ ഉണ്ടായിരുന്നത്.
അവസാന ഓവറിന്റെ ആവേശത്തില്‍ ആകാശ് ചോപ്ര നിന്നുകൊണ്ട് കമന്ററി പറഞ്ഞപ്പോള്‍ ബാംഗറും ആ ആവേശത്തില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ ഓരോ നിമിഷത്തിലും ഗംഭീര്‍ കൂടുതല്‍ നിരാശനായാണ് കാണപ്പെട്ടത്.
അവസാന ഓവറില്‍ മുഹമ്മദ് നവാസ് വൈഡ് എറിയുകയും സ്‌കോര്‍ ടൈ ആവുകയും ചെയ്തപ്പോള്‍ ഗംഭീര്‍ നിരാശകൊണ്ട് മുഖം പൊത്തുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ അശ്വിന്‍ സിംഗിള്‍ നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ കയ്യടിച്ചെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് ഗംഭീര്‍ ചെയ്തത്.
എന്നാലിപ്പോള്‍ ഗംഭീര്‍ പരിശീലകന്റെ റോളിലെത്തിയതോടെ അദ്ദേഹവുമായുള്ള എല്ലാ പ്രശ്‌നങ്ങും മറക്കാന്‍ താന്‍ തയ്യാറാണെന്ന് വിരാട് അപെക്‌സ് ബോര്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ടീമിന്റെയും മികച്ച താത്പര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാം മറക്കാന്‍ തയ്യാറാണെന്ന് കോഹ്‌ലി ബി.സി.സി.ഐയെ അറിയിച്ചതായി ക്രിക്ബസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘നേരത്തെയുള്ള പ്രശ്‌നങ്ങള്‍ ഡ്രസ്സിങ് റൂമിലെ പ്രൊഫഷണല്‍ ബന്ധത്തെ ഒരിക്കലും ബാധിക്കില്ലെന്ന് കോഹ്‌ലി ബി.സി.സി.ഐ ഉദ്യോഗസ്ഥരെ വ്യക്തമായി അറിയിച്ചിട്ടുണ്ട്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പരിശീലകസ്ഥാനമേറ്റെടുത്ത ഗംഭീര്‍ ടീമിനൊപ്പമുള്ള ആദ്യ ദൗത്യത്തിനിറങ്ങുകയാണ്. ഇന്ത്യയുടെ ലങ്കന്‍ പര്യടനമാണ് ഗംഭീറിന് മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും അത്ര തന്നെ മത്സരങ്ങളുള്ള ഏകദിന പരമ്പരയുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക.
ഇതില്‍ വിരാട് കോഹ്‌ലി ഏകദിന സ്‌ക്വാഡിന്റെ ഭാഗമാണ്. ലോകകപ്പിന് ശേഷം വിരാടിനും രോഹിത് ശര്‍മക്കും ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ഇരുവരെയും ടീം തിരിച്ചുവിളിച്ചിരിക്കുകയാണ്.
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി-20 സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.
Content highlight: Reports says, Virat Kohli has told BCCI that he is ready to move on from past issues with Gautam Gambhir