തള്ളിക്കളഞ്ഞത് ഒരു ബില്യണിന്റെ കണ്ണുതള്ളുന്ന ഓഫര്‍; ചരിത്രത്തിലെ ഏറ്റവും വലിയ തുകയോടും സൗദിയോടും നോ പറഞ്ഞ് സൂപ്പര്‍ താരം
Sports News
തള്ളിക്കളഞ്ഞത് ഒരു ബില്യണിന്റെ കണ്ണുതള്ളുന്ന ഓഫര്‍; ചരിത്രത്തിലെ ഏറ്റവും വലിയ തുകയോടും സൗദിയോടും നോ പറഞ്ഞ് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th August 2024, 9:11 pm

ഒരു ബില്യണ്‍ അഥവാ നൂറ് കോടി യൂറോ. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ 91,94,10,00,000.00 ഇന്ത്യന്‍ രൂപ. അഞ്ച് വര്‍ഷത്തെ കരാറിനായി റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെ സ്വന്തമാക്കാന്‍ സൗദി വാഗ്ദാനം ചെയ്ത തുകയാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഫീസ്!

എന്നാല്‍ കോടികള്‍ വെച്ചുനീട്ടിയിട്ടും ഈ ഓഫര്‍ റയല്‍ മാഡ്രിഡും വിനീഷ്യസ് ജൂനിയറും ഒരുപോലെ നിരസിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എല്‍ ചിരിംഗ്വിറ്റോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദി അറേബ്യയുടെ കായിക മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഒരു പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഡെലിഗേഷന്‍ ഗ്രൂപ്പ് ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കാനായി നീക്കങ്ങള്‍ നടത്തിയെന്നാണ് ദി അത്ലറ്റിക്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

2034ല്‍ നടക്കുന്ന ഫിഫ ലോകകപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് സൗദി വിനീഷ്യസിനായി ഒരു ബില്യണിന്റെ ഓഫര്‍ മുമ്പോട്ട് വെച്ചിരിക്കുന്നത്. പക്ഷേ താരം ഈ ഓഫര്‍ നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2027 വരെയാണ് വിനീഷ്യസിന് റയലുമായി കരാറുള്ളത്.

200 മില്യണ്‍ യൂറോയാണ് രണ്ടര വര്‍ഷത്തെ കരാറിനായി അല്‍ നസര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വേണ്ടി മുടക്കിയതെന്ന് അറിയുമ്പോഴാണ് വിനീഷ്യസിനായി സൗദി ഓഫര്‍ ചെയ്ത തുക എത്രത്തോളം വലുതാണെന്ന് വ്യക്തമാകുന്നത്.

ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ളമിംഗോയില്‍ നിന്നും 2018ലാണ് വിനീഷ്യസ് റയല്‍ മാഡ്രിഡിലെത്തുന്നത്. സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലെ താരമായി മാറാന്‍ ബ്രസീലിന്‍ മുന്നേറ്റതാരത്തിന് അധികസമയമൊന്നും വേണ്ടി വന്നില്ല. ലോസ് ബ്ലാങ്കോസിനൊപ്പം നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ വിനിയെ ഫുട്ബോള്‍ ലോകത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറ്റുകയായിരുന്നു.

റയല്‍ മാഡ്രിഡിനായി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് വിനിഷ്യസ് പുറത്തെടുത്തത്. 39 മത്സരങ്ങളില്‍ നിന്നും 24 ഗോളുകളും 11 അസിസ്റ്റുകളും നേടിക്കൊണ്ടാണ് താരം തിളങ്ങിയത്.

റയല്‍ കഴിഞ്ഞ സീസണില്‍ നേടിയെടുത്ത കിരീടം നേട്ടങ്ങളിലും വിനീഷ്യസ് പങ്കാളിയായിരുന്നു. കഴിഞ്ഞ സീസണില്‍ റയല്‍ തങ്ങളുടെ ഫുട്ബോള്‍ ചരിത്രത്തിലെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. യൂറോപ്യന്‍ കിരീടത്തിനൊപ്പം സ്പാനിഷ് കിരീടവും വെള്ളക്കുപ്പായക്കാര്‍ സ്വന്തമാക്കിയിരുന്നു.

 

ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പിക്കുന്ന താരങ്ങളില്‍ പ്രധാനി കൂടിയാണ് വിനീഷ്യസ്.

 

 

Content Highlight: Reports says Vinicius Jr denied Saudi’s One Billion Euro deal, set to stay with Real Madrid