| Tuesday, 12th November 2024, 9:58 am

മാര്‍ക്കോ റൂബിയോ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയേക്കുമെന്ന് റിപ്പോര്‍ട്ട്; ഉക്രൈന് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍:  സെനറ്ററായ മാര്‍ക്കോ റൂബിയോയെ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി ട്രംപ് നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റായ ആന്റണി ബ്ലിങ്കന്റെ കാലാവധി പൂര്‍ത്തിയായ ശേഷം ജനുവരിയില്‍ റൂബിയോ ചുമതലയേല്‍ക്കും. ഇതോടെ അമേരിക്കയിലെ ഏറ്റവും വലിയ ഉന്നത നയതന്ത്രഞ്ജനായി റൂബിയോ മാറും.

സ്റ്റേറ്റ് സെക്രട്ടറിക്കുള്ള ട്രംപിന്റെ ഷോര്‍ട്ട്ലിസ്റ്റിലെ ആദ്യ പേരായിരുന്നു റൂബിയോയുടേതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചൈന, ഇറാന്‍ എന്നിങ്ങനെ അമേരിക്കയുടെ വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന രാജ്യങ്ങളോട് കടുത്ത നിലപാട് സ്വീകരിക്കുന്ന ആളു കൂടിയാണ് റൂബിയോ. എന്നാല്‍ ഈ റിപ്പോര്‍ട്ടിനോട് ട്രംപോ റൂബിയോയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2017 ല്‍ ട്രംപ് അധികാരമേറ്റപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യമല്ല നിലവിലുള്ളത്. ഗസയിലെ ഇസ്രഈല്‍ അധിനിവേശം, ഉക്രൈന്‍-റഷ്യ യുദ്ധം, യു.എസ് ശത്രുക്കളായ ചൈനയും റഷ്യയും ഇറാനും തമ്മിലുള്ള ബന്ധം തുടങ്ങിയ വിവിധ അവസ്ഥയിലൂടെയാണ് ലോകം കടന്നുപോകുന്നത്.

അതിനാല്‍ തന്നെ റൂബിയോയുടെ നിലപാടുകള്‍ ലോകക്രമത്തില്‍ വലിയ സ്വാധീനമുണ്ടാക്കും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉക്രൈന്‍ യുദ്ധം റൂബിയോയുടെ അജണ്ടയില്‍ മുന്‍പന്തിയില്‍ തന്നെയാണ്.

ക്രിമിയ പോലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യ പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളും വീണ്ടെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം റഷ്യയുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പ് നടത്താനാണ് ഉക്രൈന്‍ ശ്രമിക്കേണ്ടതെന്ന അഭിപ്രായക്കാരനാണ് റൂബിയോ.

ഏപ്രിലില്‍ ഉക്രൈന് 95 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കുന്ന അമേരിക്കന്‍ പാക്കേജിനെതിരെ വോട്ട് ചെയ്ത 15 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ ഒരാളാണ് ഇദ്ദേഹം.

‘ഞാന്‍ റഷ്യയുടെ പക്ഷത്തല്ല. പക്ഷേ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുന്നത് ചര്‍ച്ചകളിലൂടെയും ഒത്തുതീര്‍പ്പിലൂടെയും മാത്രമാണ,’ റൂബിയോ സെപ്റ്റംബറില്‍ എന്‍.ബി.സിയോട് പറഞ്ഞു.

ക്യൂബയില്‍ വേരുകളുള്ള റൂബിയോ, ക്യൂബന്‍ സര്‍ക്കാരുമായുള്ള യു.എസ്‌ ബന്ധം സാധാരണ നിലയിലാക്കുന്നതിനായി നിരന്തരം സംസാരിക്കുന്നയാളാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ഹൗസ് സബ്കമ്മിറ്റിയുടെ തലവനായ റൂബിയോ വെനസ്വേലയിലെ നിക്കോളാസ് മഡുറോയുടെ സര്‍ക്കാരിന്റെ നിരന്തര വിമര്‍ശകനുമാണ്.

Content Highlight: Reports says Trump expected to appoint US Senator Marco Rubio for secretary of state

We use cookies to give you the best possible experience. Learn more