| Wednesday, 8th January 2025, 1:53 pm

ബുംറയോട് കൊരുത്ത സാം കോണ്‍സ്റ്റസ് തെറിച്ചേക്കും; നിര്‍ണായക തീരുമാനത്തിനൊരുങ്ങി ഓസ്‌ട്രേലിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഓസ്‌ട്രേലിയ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടീമിന്റെ ഓപ്പണിങ് കോമ്പിനേഷനില്‍ നിര്‍ണായക മാറ്റം വരുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യക്കെതിരെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സാം കോണ്‍സ്റ്റസിന് പകരം സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ ടീം ഓപ്പണറുടെ റോളിലേക്ക് പരിഗണിച്ചേക്കുമെന്ന് യാഹൂ സ്‌പോര്‍ട്‌സിനെ ഉദ്ധരിച്ച് ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍സ്റ്റസിന് ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സാം കോണ്‍സ്റ്റസ്

മിഡില്‍ ഓര്‍ഡറില്‍ താരത്തിന്റെ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ പൂര്‍ണ തൃപ്തരല്ല എന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ബി.ജി.ടിയില്‍ സ്പിന്നേഴ്‌സിനെതിരെ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല.

ഓപ്പണിങ്ങിലേക്ക് ഹെഡ് മാറുകയാണെങ്കില്‍ താരത്തെ ബുദ്ധിമുട്ടിക്കാന്‍ സ്പിന്നര്‍മാര്‍ക്ക് സാധിക്കില്ലെന്നും ന്യൂബോളില്‍ പേസര്‍മാര്‍ക്കെതിരെ ഹെഡിന് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.

ട്രാവിസ് ഹെഡ്

ഇതിന് മുമ്പ് ഓസ്‌ട്രേലിയ ശ്രീലങ്കയില്‍ പര്യടനത്തിനെത്തിയപ്പോള്‍ താരം മധ്യനിരയിലാണ് ബാറ്റ് ചെയ്തിരുന്നത്. കളിച്ച മൂന്ന് ഇന്നിങ്‌സില്‍ നിന്നും 7.67 ശരാശരിയില്‍ 23 റണ്‍സ് മാത്രമാണ് ഹെഡിന് കണ്ടെത്താന്‍ സാധിച്ചത്. ഇതിന് പിന്നാലെ 2023ല്‍ നാഗ്പൂരില്‍ നടന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ മത്സരത്തില്‍ താരത്തിന് പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

മാറ്റ് റെന്‍ഷോയാണ് ഹെഡിന് പകരക്കാരനായെത്തിയത്. എന്നാല്‍ ഡേവിഡ് വാര്‍ണറിന് പരിക്കേറ്റതോടെ ഹെഡിന് ഓപ്പണറുടെ റോളില്‍ അവസരം ലഭിക്കുകയും മൂന്ന് ഇന്നിങ്‌സില്‍ നിന്നും 235 റണ്‍സ് നേടുകയും ചെയ്തു.

ട്രാവിസ് ഹെഡ്

അതേസമയം, നഥാന്‍ മക്‌സ്വീനിയുടെ പകരക്കാരനായാണ് കോണ്‍സ്റ്റസ് ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ നാല്, അഞ്ച് മത്സരങ്ങളില്‍ കങ്കാരുപ്പടയുടെ ഭാഗമായത്. ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം നടത്താനും താരത്തിന് സാധിച്ചു.

എന്നാല്‍ വോണ്‍-മുരളീധരന്‍ ട്രോഫിയ്ക്കായുള്ള പരമ്പരയില്‍ റാങ്ക് ടേര്‍ണര്‍ പിച്ചുകളാകും ലങ്ക ഒരുക്കാന്‍ സാധ്യത. ഈ സാഹചര്യത്തില്‍ പരിചയസമ്പത്തുള്ള താരത്തെയാകും ഓസീസ് പരിഗണിക്കുക. അങ്ങനെയെങ്കില്‍ ടീം കോമ്പിനേഷനുകളിലും കാര്യമായ മാറ്റമുണ്ടായേക്കും.

വോണ്‍-മുരളീധരന്‍ ട്രോഫി

രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് ഓസ്ട്രേലിയ ശ്രീലങ്കയിലേക്ക് പറക്കുന്നത്. ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ട് വരെയാണ് ആദ്യ മത്സരം. ഗല്ലെ അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. ഇതേ വേദിയില്‍ ഫെബ്രുവരി ആറിന് രണ്ടാം ടെസ്റ്റും അരങ്ങേറും.

Content highlight: Reports says Travis Head will replace Sam Konsatas as opener for upcoming Australia’s tout of Sri Lanka

We use cookies to give you the best possible experience. Learn more