തമിഴ് സിനിമാ ചരിത്രത്തില്‍ ഇതാദ്യം; ടി68 ഓഡിയോ അവകാശം വിറ്റുപോയത് റെക്കോഡ് തുകക്ക്?
Entertainment news
തമിഴ് സിനിമാ ചരിത്രത്തില്‍ ഇതാദ്യം; ടി68 ഓഡിയോ അവകാശം വിറ്റുപോയത് റെക്കോഡ് തുകക്ക്?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th July 2023, 6:35 pm

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് യുടെ 68 മത്തെ ചിത്രം (T68) ന്റെ ഓഡിയോ വിതരണവകാശം റെക്കോഡ് തുകക്ക് വിറ്റ് പോയതായി റിപ്പോര്‍ട്ട്.

ടി സീരീസാണ് വിജയ് ചിത്രത്തിന്റെ ഓഡിയോ അവകാശം റെക്കോഡ് തുകക്ക് സ്വന്തമാക്കിയത്. ഇക്കാര്യം സിനിമ ട്രാക്കിങ് പേജായ ലെറ്റ്‌സ് സിനിമയാണ് ട്വീറ്റ് ചെയ്തത്. തമിഴ് സിനിമയുടെ ചരിത്രത്തില്‍ തന്നെയുള്ള റെക്കോഡ് തുകക്കാണ് ഡീല്‍ നടന്നതെന്നും ട്വീറ്റില്‍ പറയുന്നു.

വെങ്കട്ട് പ്രഭുവാണ് ടി68 ന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നതെന്ന് നേരത്തെ റിപ്പോട്ടുകള്‍ ഉണ്ടായിരുന്നു.

എ.ജി.എസ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിന്റെ 25-ാം ചിത്രമാണിത്. മാനാട്, മങ്കാത്ത തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ വെങ്കട്ട് പ്രഭുവും വിജയിയും ആദ്യമായി സഹകരിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68.

യുവന്‍ ശങ്കര്‍ രാജയാണ് ദളപതി 68ന്റെ സംഗീത സംവിധാനം. 2003ല്‍ റിലീസ് ചെയ്ത പുതിയ ഗീതൈയ്ക്ക് ശേഷം വിജയ്ക്കൊപ്പമുള്ള യുവന്റെ രണ്ടാമത്തെ പ്രൊജക്റ്റ് കൂടിയാണിത്.

അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ലിയോ ഒക്ടോബര്‍ 19 നാണ് തിയേറ്ററില്‍ എത്തുന്നത്. കശ്മീര്‍, ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

സഞ്ജയ് ദത്ത്, തൃഷ, അര്‍ജുന്‍, പ്രിയ ആനന്ദ്, ഗൗതം മേനോന്‍, അനുരാഗ് കശ്യപ്, മാത്യു തോമസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം.

Content Highlight: Reports says that Thalapathy 68 audio rights sold for record price