|

ആരാധകര്‍ക്ക് ആശ്വസിക്കാം, മാര്‍വലിനെ ഉയര്‍ത്തെഴുന്നേല്പിക്കാന്‍ അവര്‍ വീണ്ടും വരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള സിനിമാ ഫ്രാഞ്ചൈസിയാണ് മാര്‍വല്‍ എന്റര്‍ടൈന്മെന്റ്‌സ്. സൂപ്പര്‍ഹീറോ സിനിമകള്‍ക്ക് കേരളത്തിലും ഫാന്‍സ് ഷോകളും ഫാന്‍സ് ക്ലബ്ബുകളും രൂപപ്പെട്ടത് മാര്‍വല്‍ കാരണമാണ്. മാര്‍വലിന്റെ എന്‍ഡ്‌ഗെയിം ഇന്ത്യയില്‍ നിന്ന് മാത്രം 450 കോടി കളക്ഷന് നേടി ഇയര്‍ ടോപ്പറായത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി മാര്‍വല്‍ അതിന്റെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

എന്‍ഡ് ഗെയിമിന് ശേഷം മാര്‍വലിന്റെ മുഖങ്ങളായിരുന്ന റോബര്‍ട്ട് ഡൗണി ജൂനിയറും, ക്രിസ് ഇവാന്‍സും കരാര്‍ അവസാനിപ്പിച്ചതും പിന്നീട് വന്ന സൂപ്പര്‍ ഹീറോ സിനിമകള്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതും ഫ്രാഞ്ചൈസിക്ക് തിരിച്ചടിയായി. വോക് കള്‍ച്ചറിന്റെ അതിപ്രസരം ആരാധകരില്‍ അമര്‍ഷമുണ്ടാക്കി. സ്‌പൈഡര്‍മാന്‍ നോ വേ ഹോം, ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സി 3 എന്നീ സിനിമകള്‍ മാത്രമാണ് ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയത്.

മാര്‍വല്‍സ്, തോര്‍ ലവ് ആന്‍ഡ് തണ്ടര്‍, ക്വാണ്ടമാനിയ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഫേസ് ഫോറിലെ സീരീസായ ഷീ ഹള്‍ക്ക് മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം റേറ്റിങ്ങാണ് നേടിയത്. ഫേസ് ഫൈവിലെ ഏറ്റവും പുതിയ ചിത്രം ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ അടുത്തയാഴ്ച റിലീസ് ചെയ്യാനിരിക്കുകയാണ്. എന്നാല്‍ തണുപ്പന്‍ പ്രതികരണമാണ് പ്രീ സെയിലില്‍ ചിത്രം നേരിടുന്നത്.

ഇപ്പോഴിതാ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത എത്തിയിരിക്കുകയാണ്. അവഞ്ചേഴ്‌സിലെ ഹിറ്റ് സിനിമകളുടെ സംവിധായകരായ റൂസ്സോ ബ്രദേഴ്‌സ് മാര്‍വലിലേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേസ് സിക്‌സിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളായ അവഞ്ചേഴ്‌സ് 5, അവഞ്ചേഴ്‌സ് സീക്രട്ട് വാര്‍സ് എന്നീ സിനിമകള്‍ സംവിധാനം ചെയ്യാന്‍ മാര്‍വല്‍ റൂസ്സോ ബ്രദേഴ്‌സിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിലൂടെ നഷ്ടപ്പെട്ട പഴയ പ്രതാപം മാര്‍വല്‍ തിരിച്ചുപിടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ സൂപ്പര്‍ഹീറോ സിനിമകളോട് എല്ലാവരും വിമുഖത കാണിക്കുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ തിരിച്ചുവരവ് വളരെയധികം ദുഷ്‌കരമാകുമെന്നാണ് പലരും വിലയിരുത്തുന്നത്. ക്യാപ്റ്റന്‍ അമേരിക്കയോടും, അയണ്‍മാനോടും തോന്നിയ ഇമോഷന്‍ ഇപ്പോഴുള്ള സൂപ്പര്‍ഹീറോകളോട് തോന്നുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. റൂസോ ബ്രദേഴ്‌സ് ഇതിനെ എങ്ങനെ നേരിടുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Reports says that Russo Brothers will direct Avengers 5 and Secret Wars