| Friday, 30th September 2022, 11:14 am

വ്യാജ മരുന്നുകള്‍ ഉത്പാദിപ്പിച്ച് പരസ്യം ചെയ്ത ബാബാ രാംദേവിനെതിരെ നടപടിയില്ല; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രോഗങ്ങള്‍ ഭേദമാക്കാന്‍ സഹായിക്കുമെന്ന് കാണിച്ച് ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് മരുന്നുകള്‍ തെറ്റായ പരസ്യങ്ങള്‍ നല്‍കിയ സംഭവത്തില്‍ നടപടിയെടുക്കാതെ ഉത്തരാഖണ്ഡ് ഡ്രഗ് ലൈസന്‍സിംഗ് അതോറിറ്റി. നടപടിയെടുക്കണമെന്ന് ആയുഷ് മന്ത്രാലയം ആവര്‍ത്തിച്ച് അയച്ച നിര്‍ദേശങ്ങളെ അവഗണിച്ചുകൊണ്ടാണിത്.

പതഞ്ജലിയെക്കുറിച്ചുള്ള ഉത്തരാഖണ്ഡ് ആയുര്‍വേദ, യുനാനി സര്‍വീസ് ലൈസന്‍സിങ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും വിഷയം വേഗത്തിലാക്കാനും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ലിപിഡം (Lipidom) , ലിവോഗ്രിറ്റ് (Livogrit), ലിവാമൃത് (Livamrit) എന്നീ ബ്രാന്‍ഡുകളുടെ മരുന്നുകളുടെ പ്രചരണത്തിനായി പതഞ്ജലി നടത്തിയ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് ആക്ട് 1954, ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റ് 1940 എന്നീ നിയമങ്ങള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. ദിവ്യ ഫാര്‍മസിയാണ് മരുന്നുകള്‍ നിര്‍മിച്ചിരിക്കുന്നത്.

ഈ മരുന്നുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക്, രക്തസമ്മര്‍ദ്ദം എന്നിവ തടയുമെന്നുമായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്.

ലിവോഗ്രിറ്റ്, ലിവാമൃത് എന്നീ മരുന്നുകള്‍ ഫാറ്റി ലിവര്‍ ഇല്ലാതാക്കുമെന്നാണ് പരസ്യത്തില്‍ പറയുന്നത്. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കും മരുന്ന് ഉപയോഗപ്രദമാണെന്നും കാണിക്കുന്നുണ്ട്.

അതേസമയം പതാഞ്ജലിയുടെ മരുന്നുകള്‍ക്കുള്ള ദൂഷ്യഫലങ്ങളെ കുറിച്ചും ഇവര്‍ പ്രചരിപ്പിക്കുന്ന വ്യാജ ആരോപണങ്ങളെക്കുറിച്ചും പരാമര്‍ശിച്ച് ആയുഷ് മന്ത്രാലയം രംഗത്തെത്തിയിരുന്നു. സംസ്ഥാന ലൈസന്‍സിങ് അതോറിറ്റിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും ഇക്കാര്യം വേഗത്തിലാക്കാന്‍ ഡയറക്ടറോടും ആയുര്‍വേദ, യുനാനി വിഭാഗങ്ങളോടും ആവശ്യപ്പെട്ടതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കണ്ണൂര്‍ ആസ്ഥാനമായുള്ള നേത്രരോഗ വിദഗ്ധന്‍ കെ.വി.ബാബുവാണ് പതാഞ്ജലിയുടെ പരസ്യങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. അധികൃതരുടെ നടപടികളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം മറുപടിയും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അഞ്ച് മാസം കഴിഞ്ഞിട്ടും ഉത്തരാഖണ്ഡ് എസ്.എല്‍.എ വിഷയത്തില്‍ മറുപടി നല്‍കിയില്ലെന്നും ബാബു പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

”തെറ്റായ പരസ്യങ്ങള്‍ വ്യക്തമായി തെളിയിക്കപ്പെട്ട ശാസ്ത്രീയ ഡാറ്റകളുള്ള സമയപരിശോധനാ ചികിത്സകളില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് അവര്‍ ഒരു ഡാറ്റയുമില്ലാത്ത മരുന്നുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇത് ശരിയായ പ്രവണതയല്ല,’ ഒഫ്താല്‍മോളജിസ്റ്റ് കൂടിയായ ബാബു പറയുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയാനുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ വേണ്ട ശ്രദ്ധ കാണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഇടപെടല്‍ വിവിധ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ കണ്ണ് തുറപ്പിക്കുന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 മാര്‍ച്ച് മുതല്‍ 2021 ഫെബ്രുവരി വരെ വ്യാജ പരസ്യങ്ങള്‍ക്കെതിരെ ഏകദേശം 6804 പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 2021 മാര്‍ച്ച് മുതല്‍ 2022 ജൂണ്‍ വരെ 10,035 പരാതികള്‍ എന്നതിലേക്ക് ഇത് ഉയര്‍ന്നിട്ടുണ്ട്. ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആണ് ഇത് സംബന്ധിച്ച് രാജ്യസഭയില്‍ രേഖമൂലമുള്ള വിശദീകരണം നടത്തിയത്.

Content Highlight: Reports says that no action has been taken against baba ramdev for promoting fake medicines

We use cookies to give you the best possible experience. Learn more