| Monday, 18th July 2022, 10:28 pm

നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ സ്വാധീനിക്കാന്‍ ഇടനിലക്കാരനായത് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ദിലീപിന് ഇടനിലക്കാരനായി നിന്നത് ബി.ജെ.പി നേതാവെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടി.വി പുറത്തുവിട്ട വാര്‍ത്തയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ജെ.പി മുന്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സംസ്ഥാന സമിതി അംഗവുമായ അഡ്വ. ഉല്ലാസ് ബാബു എന്നയാളുടെ ശബ്ദമാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കൂടിയായിരുന്നു ഉല്ലാസ്.

ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഇതില്‍ ദിലീപിനോട് സംസാരിക്കുന്ന ആളാണ് ഉല്ലാസ്.

തൃശൂര്‍ വാലപ്പാട് സ്വദേശിയായ ദിനേശന്‍ സ്വാമിയുടെയും ദിലീപിന്റേയും പൊതു സുഹൃത്താണ് ഉല്ലാസ് ബാബു. ഉല്ലാസ് ബാബുവുമായുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ തന്നോട് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന് സായ് ശങ്കര്‍ പറഞ്ഞു. സായ് ശങ്കര്‍ നശിപ്പിച്ച ഓഡിയോ ഫയലുകള്‍ അന്വേഷണ സംഘം റിട്രീവ് ചെയ്തു.

ശബ്ദസാംമ്പിള്‍ തിരിച്ചറിഞ്ഞതിന് പിന്നാലെ ഉല്ലാസിന്റെ ശബ്ദരേഖ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് പരിശോധിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ദിലീപിനെ അനുകൂലിച്ച പുറത്തുവിട്ട വീഡിയോ വ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ദിലീപ് നിരപരാധിയാണ്, ദിലീപിനെതിരെ തെളിവുകളില്ല, അന്വേഷണസംഘം ദിലീപിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി എന്നീ പരാമര്‍ശങ്ങളായിരുന്നു ആര്‍. ശ്രീലേഖ നടത്തിയത്.

ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഒരു പൊലീസുദ്യോഗസ്ഥന്‍ തന്നെ അത് സമ്മതിച്ചതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

വിഷയത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘം ശ്രീലേഖയുടെ മൊഴിയെടുക്കുമെന്നും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന്‍ നീക്കം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Content Highlight: Reports says that bjp leader has played a key role to influence the judge in actress assault case

We use cookies to give you the best possible experience. Learn more