രാജസ്ഥാന്‍ റോയല്‍സിന് പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി മാനേജ്‌മെന്റ്. നിലവിലെ പരിശീലകന്‍ കുമാര്‍ സംഗക്കാരക്ക് പകരമായാണ് പുതിയ പരിശീലകനെ നിയമിക്കുന്നത്.
സിംബാബ്‌വേ ഇതിഹാസ താരവും പ്രമുഖ പരിശീലകനുമായ ആന്‍ഡി ഫ്‌ളവറിനെയാണ് രാജസ്ഥാന്‍ കോച്ചായി നിയമിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും പടിയിറങ്ങുന്ന ഫ്‌ളവറിനെ ടീമിലെത്തിക്കാനാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്.
ലഖ്‌നൗവിന്റെ കന്നി സീസണിലാണ് ഫ്‌ളവര്‍ പരിശീലകന്റെ റോളില്‍ എകാനയിലെത്തുന്നത്. തുടര്‍ന്ന് മറ്റൊരു വര്‍ഷം കൂടി ലഖ്‌നൗവിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. സൂപ്പര്‍ ജയന്റ്‌സുമായുള്ള ഫ്‌ളവറിന്റെ രണ്ട് വര്‍ഷത്തെ കാലാവധി ഐ.പി.എല്‍ 2023ഓടെ അവസാനിച്ചിരുന്നു.
ഈ രണ്ട് സീസണുകളിലും ലഖ്‌നൗവിനെ പ്ലേ ഓഫില്‍ കടത്താനും ഫ്‌ളവറിന് സാധിച്ചിരുന്നു.
ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗില്‍ ഫ്‌ളവറിന്റെ ട്രാക്ക് റെക്കോഡ് അപാരമാണ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍), കരീബിയന്‍ പ്രീമിയര്‍ ലീഗ് (സി.പി.എല്‍) അടക്കമുള്ള ലീഗുകളില്‍ ഫ്‌ളവര്‍ ടീമുകളെ കിരീടത്തിലേക്ക് നയിച്ചരുന്നു.
ഫ്‌ളവര്‍ രാജസ്ഥാനിലെത്തുന്നതോടെ മറ്റൊരു കിരീടം സ്വന്തമാക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയാണ് ഹല്ലാ ബോല്‍ ആര്‍മിക്കുള്ളത്.
രാജസ്ഥാന്റെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണെങ്കിലും സംഗക്കാര രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ തുടരും. ടീമിന്റെ ഹെഡ് ഓഫ് ഡയറക്ടറായാണ് സംഗ റോയല്‍സിനൊപ്പം തുടരുക.