| Thursday, 5th December 2024, 8:31 am

യുദ്ധാനന്തരം ഗസയില്‍ ഹമാസും ഫത്തഹും സംയുക്തമായി ഭരണം നടത്തും; ചര്‍ച്ചകള്‍ ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രണമണങ്ങള്‍ അവസാനിക്കുന്നപക്ഷം യുദ്ധാനന്തരം ഹമാസും ഫത്തഹും സംയുക്തമായി ഗസയില്‍ ഭരണം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഈ വിഷയം ചര്‍ച്ച ചെയ്യാനായി ചൊവ്വാഴ്ച്ച ചേര്‍ന്ന മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനമായത്. അയല്‍ രാജ്യമായ ഈജിപ്താണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് ഫത്തഹ്. അബ്ബാസിന്റെ അംഗീകാരത്തോടെയാവും കമ്മിറ്റി അന്തിമമായി നിലവില്‍ വരിക. സംയുക്ത ഭരണ സമിതി ‘കമ്മ്യൂണല്‍ സപ്പോര്‍ട്ട് കമ്മിറ്റി’ എന്ന പേരിലാകും അറിയപ്പെടുക. യുദ്ധാനന്തര ഗസയുടെ സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യം, പുനര്‍നിര്‍മാണം, മാനുഷിക സഹായങ്ങള്‍ എന്നിവയാകും കമ്മിറ്റിയുടെ പ്രാഥമിക ലക്ഷ്യങ്ങള്‍.

ഭരണസംബന്ധമായതും നിയമ-സാമ്പത്തിക വിഷയങ്ങളിലെല്ലാം ഫലസ്തീന്‍  അതോറിറ്റിയുടെ നേതൃത്വത്തിലാവും അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുക. ഈജിപ്തിനടുത്തുള്ള റഫാ അതിര്‍ത്തിയിലും സംയുക്ത സമിതിയുടെ കീഴിലാവും ഭരണം നടക്കുക. കമ്മിറ്റിയില്‍ 12 മുതല്‍ 15 വരെ അംഗങ്ങള്‍ ഉണ്ടെന്നും അവരില്‍ പലരും ഗസയില്‍ നിന്നുള്ളവരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അബ്ബാസിന്റെ അന്തിമ അനുമതി തേടി സെന്‍ട്രല്‍ പാര്‍ട്ടി കമ്മിറ്റി അംഗമായ അസ്സം അല്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഫത്തയുടെ പ്രതിനിധി സംഘം റാമല്ലയിലേക്ക് മടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കമ്മിറ്റിയുടെ അജണ്ടകള്‍ അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഫത്തഹ് ഉള്‍പ്പെടുന്ന ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഹമാസ് കമ്മിറ്റി രൂപീകരണത്തിനായി അനുകൂല നിലപാട് എടുത്തിട്ടുണ്ട്.

2007ല്‍ ഗസയില്‍ ഹമാസ് അധികാരത്തില്‍ എത്തിയത് മുതല്‍ ഇരുകക്ഷികളും അനുരഞ്ജനത്തിനായി നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള ഫത്തഹും ഹമാസും ഗസയില്‍ ഭരണം നടത്തുന്നതിനെ ഇസ്രഈല്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

സമ്പൂര്‍ണ രാഷ്ട്രപദവി ലഭിക്കുന്നതിന് മുന്നോടിയായി വെസ്റ്റ് ബാങ്കിലും ഗസയിലും ഭരണം ഏറ്റെടുക്കാന്‍ ഫലസ്തീന്‍ അതോറിറ്റിയോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഫലസ്തീന്‍ സ്വതന്ത്രരാഷ്ട്രമായി നിലനില്‍ക്കുന്നതിനെ എതിര്‍ത്ത് ഇസ്രഈല്‍ ഗവണ്‍മെന്റ്, യു.എ.ഇയുമായി ചേര്‍ന്ന് യുദ്ധാനന്തര പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളില്‍ ഭരണം നടത്തുന്ന ഫലസ്തീനിയന്‍ അതോറിറ്റി ഇസ്രഈലിനെ അംഗീകരിക്കുകയും സുരക്ഷാ കാര്യങ്ങളില്‍ അവരുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ നയത്തില്‍ ഫലസ്തീനികള്‍ക്കിടയില്‍ താല്‍പര്യമില്ല. അവരില്‍ പലരും അതിനെ അധിനിവേശമായാണ് കണക്കാക്കുന്നത്.

Content Highlight: Reports says that After the war, Gaza will be jointly governed by Hamas and Fatah

We use cookies to give you the best possible experience. Learn more