| Wednesday, 2nd February 2022, 7:54 pm

ലോക്ഡൗണില്‍ കാശിന് വഴിയില്ല; കഞ്ചാവ് കൃഷി നടത്തി വരുമാനമുണ്ടാക്കി അധ്യാപകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: കൊവിഡ് 19നെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാരണമുള്ള സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ അധ്യാപകര്‍ കഞ്ചാവ് കൃഷി ചെയ്ത് വില്‍പന നടത്തിയതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലാണ് അധ്യാപകര്‍ ഇത്തരത്തില്‍ കഞ്ചാവ് കൃഷി നടത്തിയത്.

നിരവധി അധ്യാപകരാണ് ഇത്തരത്തില്‍ കഞ്ചാവ് കൃഷി ആരംഭിച്ചതെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരും പ്രൈവറ്റ് സ്‌കൂള്‍ അധ്യാപകരും ഇത്തരത്തില്‍ കഞ്ചാവ് കൃഷി നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

‘ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുമാണ് ഭൂരിഭാഗം കഞ്ചാവും ബൈദരാബാദ് വഴി വിവിധ സ്ഥലങ്ങളിലേക്കെത്തിക്കുന്നത്. ഇത്തരത്തില്‍ കടത്തുന്ന കഞ്ചാവിന്റെ പത്ത് ശതമാനം മാത്രമാണ് പൊലീസിന് പിടികൂടാന്‍ സാധിക്കുന്നത്.

കഞ്ചാവ് കടത്തലിലെ റിസ്‌ക് മനസിലാക്കിയ ഇത്തരക്കാര്‍ ഇത് കടത്തുന്നതിനായി പുതിയ വഴികള്‍ കണ്ടെത്തുകയാണ്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

അധ്യാപകര്‍ മാത്രമല്ല, മറ്റ് പലരും ഇത്തരത്തില്‍ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് മാത്രമല്ല ഹാഷിഷ്, കൊക്കെയ്ന്‍, എം.ഡി.എം.എ തുടങ്ങിയ ലഹരി മരുന്നും സംസ്ഥാനത്ത് ലഭ്യമാവുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

നൈജീരിയക്കാരടക്കമുള്ള വിദേശികളാണ് ഇത്തരത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ പ്രധാന വിതരണക്കാരെന്നും കോളേജ് വിദ്യാര്‍ത്ഥികളും ഇവരുടെ സപ്ലൈ ചെയ്‌നിലെ കണ്ണികളാണെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

ഇക്കാര്യങ്ങളില്‍ അടിയന്തരമായ നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം വിലയിരുത്തി.

Content highlight: Reports says Teachers in Andhra Pradesh grow ganja as COVID-19 hits income

We use cookies to give you the best possible experience. Learn more