സൂര്യ മുംബൈയിലേക്ക് തിരിച്ചെത്തുന്നു; ടീം കൂടുതല്‍ കരുത്തര്‍, ആവേശത്തില്‍ ആരാധകര്‍
Sports News
സൂര്യ മുംബൈയിലേക്ക് തിരിച്ചെത്തുന്നു; ടീം കൂടുതല്‍ കരുത്തര്‍, ആവേശത്തില്‍ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th October 2024, 9:37 pm

ആഭ്യന്തര ക്രിക്കറ്റില്‍ ഇനി വസന്തോത്സവത്തിന്റെ നാളുകളാണ്. രഞ്ജി ട്രോഫിയുടെ 2024-25 സീസണിന് ഒക്ടോബര്‍ 11ന് തുടക്കമാവുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രസ്റ്റീജ്യസായ കിരീടം സ്വന്തമാക്കാനുറച്ചാണ് ടീമുകള്‍ പോരാടുന്നത്.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും രഞ്ജി ട്രോഫിയുടെ ഭാഗമാകും. രഞ്ജിയില്‍ മുംബൈയുടെ താരമാണ് സൂര്യകുമാര്‍ യാദവ്.

എന്നാല്‍ നാളെ (ഒക്ടോബര്‍ 11) നടക്കുന്ന ആദ്യ മത്സരത്തില്‍ സൂര്യ മുംബൈക്കായി കളത്തിലിറങ്ങില്ല. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാലാണ് സൂര്യക്ക് മുംബൈയുടെ ആദ്യ മത്സരം നഷ്ടമാവുക. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഹോം ടീമിന്റെ ക്യാപ്റ്റനാണ് സൂര്യ. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ രണ്ടിലും വിജയിച്ച് ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 12നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. 12ന് ബംഗ്ലാദേശിനെ നേരിടുന്നതിനാലാണ് മുംബൈയുടെ ആദ്യ മത്സരത്തില്‍ സൂര്യക്ക് കളിക്കാന്‍ സാധിക്കാത്തത്.

വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബറോഡക്കെതിരെയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ ആദ്യ മത്സരം.

ഒക്ടോബര്‍ 18ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ സൂര്യകുമാര്‍ ടീമിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയാണ് എതിരാളികള്‍.

മുംബൈ സ്‌ക്വാഡ്

അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സിദ്ധേഷ് ലാഡ്, ആംഗ്ക്രിഷ് രഘുവംശി, പൃഥ്വി ഷാ, ഹാര്‍ദിക് താമോര്‍ (വിക്കറ്റ് കീപ്പര്‍), തനുഷ് കൊട്ടിയന്‍, ഷാംസ് മുലാനി, മോഹിത് അവസ്തി, ഷാര്‍ദുല്‍ താക്കൂര്‍, സിദ്ധാന്ത് അദ്ധാത്‌റാവു, റോയ്സ്റ്റണ്‍ സിംഗ് ഡയസ്, എ ഹിമാന്‍ഷു സിങ്, ആയുഷ് മാത്രെ, മുഹമ്മദ് ജുനെദ് ഖാന്‍, സൂര്യന്‍ഷ് ഷെഡ്ഗെ.

അതേസമയം, ഇറാനി കപ്പ് സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് മുംബൈ ഇത്തവണ രഞ്ജി ട്രോഫിയില്‍ കളത്തിലിറങ്ങുന്നത്. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ലഖ്‌നൗവിലെ എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരം സമനിലയിലായതോടെ ആദ്യ ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ മുംബൈ കിരീടം സ്വന്തമാക്കുകയായിരുന്നു. 27 വര്‍ഷത്തിന് ശേഷമായിരുന്നു മുംബൈ ഇറാനി കപ്പില്‍ മുത്തമിടുന്നത്.

സ്‌കോര്‍

മുംബൈ: 537 & 329/d

റെസ്റ്റ് ഓഫ് ഇന്ത്യ: 416

തങ്ങളുടെ ചരിത്രത്തിലെ 15ാം ഇറാനി കപ്പാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ ആഭ്യന്തര തലത്തില്‍ തങ്ങളുടെ കിരീട നേട്ടം 62 ആയി ഉയര്‍ത്താനും മുംബൈക്കായി.

 

Content highlight: Reports says Suryakumar Yadav will play the 2nd Ranji Trophy match for Mumbai against Maharashtra