| Thursday, 19th September 2024, 9:11 am

എതിരാളികളെ വിറപ്പിക്കാൻ ഇന്ത്യൻ സൂപ്പർതാരം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു; ഇനി സീൻ മാറും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടി-20 നായകന്‍ സൂര്യകുമാര്‍ യാദവ് ദുലീപ് ട്രോഫിയുടെ അവസാന റൗണ്ട് മത്സരങ്ങള്‍ കളിക്കാന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം സൂര്യകുമാര്‍ യാദവ് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തിരിച്ചെത്തിയെന്നും ദുലീപ് ട്രോഫിയുടെ അവസാന റൗണ്ട് മത്സരങ്ങളില്‍ കളിക്കാന്‍ ഉണ്ടാകുമെന്നുമാണ് പറയുന്നത്.

അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ഇന്ത്യ ബി ടീമിനു വേണ്ടിയായിരിക്കും സൂര്യകുമാര്‍ കളിക്കുക. ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട സര്‍ഫറാസ് ഖാന് പകരക്കാരനായിട്ടായിരിക്കും സൂര്യകുമാര്‍ ഇന്ത്യ ബിക്ക് വേണ്ടി കളത്തിലിറങ്ങുക.

ബുച്ചി ബാബു ടൂര്‍ണമെന്റിലെ മത്സരത്തിനിടെയാണ് സൂര്യയ്ക്ക് പരിക്കുപറ്റിയത്. കോയമ്പത്തൂരില്‍ വെച്ച് നടന്ന തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇലവനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടയാണ് സൂര്യക്ക് പരിക്കുപറ്റിയത്. ഇതിനു പിന്നാലെ സൂര്യയ്ക്ക് ദുലീപ് ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.

അതേസമയം അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് ഇന്ത്യ വിജയിച്ചിരുന്നു. നീണ്ട 17 വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് രോഹിത് ശര്‍മയും സംഘവും വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായത്. ഇതിന് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ നിന്നും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ രോഹിത്തിന്റെ പകരക്കാരനായി ഇന്ത്യന്‍ ടി-20യുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ ആയിരുന്നു ബി.സി.സി.ഐ നിയമിച്ചത്. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പര 3-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അവസാനിച്ചാല്‍ ഒക്ടോബര്‍ ആറ് മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരകള്‍ നടക്കുന്നത്. ആദ്യ മത്സരം ഒക്ടോബര്‍ ആറില്‍ ഗ്വാളിയാറില്‍ വെച്ചാണ് നടക്കുക.

Content Highlight: Reports Says Suryakumar Yadav will play in the final round of Duleep Trophy matches

We use cookies to give you the best possible experience. Learn more