| Wednesday, 17th July 2024, 7:54 am

ഹര്‍ദിക് പാണ്ഡ്യയോ ശുഭ്മന്‍ ഗില്ലോ അല്ല, 2026 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക ഈ സൂപ്പര്‍ താരം; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന കിരീട വരള്‍ച്ച അവസാനിപ്പിച്ചാണ് ഇന്ത്യ 2024 ടി-20 ലോകകപ്പ് കൈപ്പിടിയിലൊതുക്കിയത്. 2007ന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടി-20 ലോകകപ്പ് കിരീടവും 2013 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഐ.സി.സി കിരീടവുമാണിത്.

ഈ കിരീട നേട്ടത്തിന് പിന്നാലെ ഒന്നിലധികം തവണ ടി-20 ലോക ചാമ്പ്യന്‍മാരാകുന്ന മൂന്നാമത് ടീം എന്ന ചരിത്ര നേട്ടവും ഇന്ത്യയെ തേടിയെത്തി. 2012ലും 2016ലും ചാമ്പ്യന്‍മാരായ ഡാരന്‍ സമിയുടെ വെസ്റ്റ് ഇന്‍ഡീസാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ശേഷം 2010ലും 2022ലും കിരടമണിഞ്ഞ് ഇംഗ്ലണ്ടും ഈ നേട്ടത്തിനൊപ്പമെത്തി.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് 2026 ലോകകപ്പിന് വേദിയാകുന്നത്. 2016ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ ലോകമാമാങ്കത്തിന് ആതിഥേയരാകുന്നത്.

2026ല്‍ നടക്കാനാരിക്കുന്ന ലോകകപ്പിന് ഇന്ത്യ ഇപ്പോഴേ പടയൊരുക്കം തുടങ്ങുകയാണ്. ഇതിനായി പുതിയ ക്യാപ്റ്റനെയും തീരുമാനിച്ചിട്ടുണ്ട്.

2024 ലോകകപ്പ് ഇന്ത്യയെ ചൂടിച്ച് നായകന്‍ രോഹിത് ശര്‍മ ടി-20 ഫോര്‍മാറ്റിനോട് വിട പറഞ്ഞിരുന്നു. രോഹിത്തിന് പകരക്കാരനായി ആര് എന്ന ചോദ്യമാണ് പിന്നാലെ ഉയര്‍ന്നുകേട്ടത്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യയുടെ പേരാണ് എറ്റവുമധികം പറഞ്ഞു കേട്ടത്. എന്നാല്‍ പാണ്ഡ്യ ആരാധകരെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അടുത്ത ലോകകപ്പില്‍ സൂര്യകുമാര്‍ യാദവാകും ഇന്ത്യയെ നയിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഹര്‍ദിക് പാണ്ഡ്യയായിരുന്നു രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റന്‍. അദ്ദേഹം പൂര്‍ണമായും ഫിറ്റാണ്, മൂന്ന് മത്സരങ്ങളുടെ ഈ പരമ്പരയില്‍ (ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം) അദ്ദേഹം തന്നെയായിരുന്നു ഇന്ത്യയെ നയിക്കേണ്ടതും. എന്നാല്‍ സൂര്യകുമാര്‍ യാദവായിരിക്കും ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നതില്‍ മുന്‍പന്തിയിലുള്ളത് എന്ന ഒരു ചിന്താഗതിയുണ്ട്. അത് കേവലം ശ്രീലങ്കക്കെതിരെ നടക്കുന്ന ടി-20 പരമ്പരയില്‍ മാത്രമല്ല, 2026 ടി-20 ലോകകപ്പ് വരെയായിരിക്കും,’ പേര് വെളിപ്പെടുത്താതെ ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.

രഞ്ജിയില്‍ മുംബൈ ടീമിനെ നയിച്ച് പരിചയമുള്ള സൂര്യകുമാര്‍, കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ നടന്ന ടി-20 പരമ്പരകളിലും ഇന്ത്യയെ നയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ഗൗതം ഗംഭീറിന്റെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണ്. 2026 ലെ ടി20 ലോകകപ്പിനുള്ള ടീം രൂപീകരണത്തിന്റെ ആദ്യപടിയും കൂടിയായിരിക്കും ഈ പര്യടനം.

അതേസമയം, 2026 ലോകകപ്പിന് 12 ടീമുകള്‍ ഇതിനോടകം തന്നെ യോഗ്യത നേടിയിട്ടുണ്ട്.

ഇന്ത്യയും ശ്രീലങ്കയുമാണ് വരാനിരിക്കുന്ന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇക്കാരണത്താല്‍ ഇരു ടീമുകള്‍ക്കും നേരിട്ട് യോഗ്യത ലഭിച്ചു.

സൂപ്പര്‍ 8ന് യോഗ്യത നേടിയ മറ്റ് ടീമുകളും 2026 ലോകകപ്പിനെത്തും. ഏഷ്യയില്‍ നിന്നും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമാണ് ഇത്തരത്തില്‍ യോഗ്യത നേടിയത്. ഇവര്‍ക്ക് പുറമെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, യു.എസ്.എ എന്നിവരാണ് സൂപ്പര്‍ 8ലെ മറ്റ് ടീമുകള്‍.

അയര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ എന്നിവരാണ് ലോകകപ്പിന് യോഗ്യത നേടിയ അവസാന ടീമുകള്‍. ഐ.സി.സി റാങ്കിങ്ങിലെ ഉയര്‍ന്ന റേറ്റിങ് അടിസ്ഥാനമാക്കിയാണ് മൂവരും ലോകകപ്പ് കളിക്കാനെത്തുന്നത്.

ഇനി എട്ട് ടീമുകള്‍ കൂടിയാണ് ലോകകപ്പിന് യോഗ്യത നേടാനുള്ളത്. വിവിധ യോഗ്യതാ മത്സരം കളിച്ചാണ് ഇവര്‍ ലോകകപ്പിനുള്ള തങ്ങളുടെ സ്ഥാനം ഉറപ്പിക്കേണ്ടത്.

ഏഷ്യ ക്വാളിഫയര്‍, ആഫ്രിക്ക ക്വാളിഫര്‍, യൂറോപ്പ് ക്വാളിഫയര്‍ എന്നീ ടൂര്‍ണമെന്റുകളില്‍ നിന്നായി രണ്ട് വീതം ടീമുകളും ഈസ്റ്റ് ഏഷ്യ-പസഫിക് ക്വാളിഫയറില്‍ നിന്നും അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും ഓരോ ടീമുകള്‍ വീതവും ലോകകപ്പിനെത്തും.

ഐ.സി.സി ടി-20 ലോകകപ്പ്, യോഗ്യത നേടിയ ടീമുകള്‍

ആതിഥേയര്‍ – ഇന്ത്യ, ശ്രീലങ്ക

2024 ടി-20 ലോകകപ്പില്‍ നിന്നും നേരിട്ട് യോഗ്യത നേടിയ ടീമുകള്‍ – അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, യു.എസ്.എ, വെസ്റ്റ് ഇന്‍ഡീസ്

ഐ.സി.സി ടി-20ഐ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയ ടീമുകള്‍ – അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍.

യൂറോപ്പ് ക്വാളിഫയര്‍ – TBD (2 ടീമുകള്‍)

ഈസ്റ്റ് ഏഷ്യ – പസഫിക് ക്വാളിഫയര്‍ – TBD (ഒരു ടീം)

അമേരിക്കാസ് ക്വാളിഫയര്‍ – TBD (ഒരു ടീം)

ഏഷ്യ ക്വാളിഫയര്‍ – TBD (2 ടീമുകള്‍)

ആഫ്രിക്ക ക്വാളിഫയര്‍ –  TBD (2 ടീമുകള്‍)

Content highlight: Reports says Suryakumar Yadav will lead India in 2026 T20 World Cup

We use cookies to give you the best possible experience. Learn more