| Thursday, 29th September 2022, 10:32 pm

ധോണിയെ കൊണ്ട് പറ്റുമോ ഇത്; വിരമിച്ച ശേഷം ക്യാപ്റ്റനാവാന്‍ റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന അബുദാബി ടി-10 ലീഗില്‍ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിനെ സുരേഷ് റെയ്‌ന നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ശേഷമാണ് താരം പുതിയ റോള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.

നിലവില്‍ സുരേഷ് റെയ്‌ന റോഡ് സേഫ്റ്റി ക്രിക്കറ്റ് ലീഗില്‍ കളിക്കുകയാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണ് താരം കളിക്കുന്നത്. ഇതിനിടയിലാണ് ടി-10 ലീഗില്‍ താരം ക്യാപ്റ്റനാകാനൊരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

റെയ്‌നക്ക് പുറമെ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും ടി-10 ലീഗില്‍ വിവിധ ടീമുകള്‍ക്കായി പാഡണിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിരേന്ദര്‍ സേവാഗ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍, എസ്. ബദ്രിനാഥ്, രീതീന്ദര്‍ സിങ് സോധി, മുനാഫ് പട്ടേല്‍, യൂസുഫ് പത്താന്‍, പ്രവീണ്‍ കുമാര്‍ തുടങ്ങിയ താരങ്ങള്‍ നേരത്തെ ലീഗിന്റെ ഭാഗമായവരാണ്.

അതേസമയം, റോഡ് സേഫ്റ്റി ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്‍ഡ്‌സ് ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയ ലെജന്‍ഡ്‌സിനെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനല്ലില്‍ പ്രവേശിച്ചിരിക്കുന്നത്. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തിനിടെ റെയ്‌നയെടുത്ത ആക്രോബാക്ടിക് ക്യാച്ചും വൈറലായിരുന്നു.

ഓസീസ് താരം ബെന്‍ ഡങ്കിനെ പുറത്താക്കാന്‍ സുരേഷ് റെയ്‌ന തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് ക്യാച്ചെടുക്കുകയായിരുന്നു. 25 പന്തില്‍ നിന്ന് 46 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ഡങ്കിനെ റെയ്‌ന പോയിന്റില്‍ ക്യാച്ചെടുത്ത് മടക്കിയത്.

നമന്‍ ഓജ, ഇര്‍ഫാന്‍ പത്താന്‍ എന്നിവരായിരുന്നു ഇന്ത്യയുടെ വിജയ ശില്‍പികള്‍. ആദ്യം ബാറ്റ് ചെയ്ത ഓസീസിന്റെ 172 റണ്‍സിന്റെ വിജയ ലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ മറികടക്കുകായയിരുന്നു.

12 പന്തില്‍ നിന്നും 37 റണ്‍സെടുത്ത ഇര്‍ഫാന്‍ പത്താനും 62 പന്തില്‍ നിന്നും 90 റണ്ണടിച്ച നമന്‍ ഓജയുമാണ് നാല് പന്ത് ശേഷിക്കെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

Content Highlight: Reports says Suresh Raina will captain Deccan Gladiators

We use cookies to give you the best possible experience. Learn more