| Wednesday, 3rd August 2022, 6:39 pm

കഴിഞ്ഞ കൊല്ലം ഇന്ത്യ പാകിസ്ഥാനോട് നാണം കെട്ട് തോറ്റതിനാല്‍ ഇത്തവണ അത് സംപ്രേക്ഷണം ചെയ്യില്ല; നിര്‍ണായക നീക്കവുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – പാകിസ്ഥാന്‍ റൈവല്‍റിയില്‍ തീ പാറുന്ന പോരാട്ടങ്ങല്‍ക്കൊപ്പം ഏറെ ആഘോഷമാക്കിയ പരസ്യ ഗാനമാണ് ‘മോക്കാ മോക്കാ’. ഈ കളിയും പാകിസ്താന്‍ തോറ്റു, ഇനി അടുത്ത തവണയെങ്കിലും ജയിക്കാന്‍ സാധിക്കട്ടെ എന്ന തരത്തില്‍ പാക് ആരാധകരെ ഇന്ത്യന്‍ ആരാധകര്‍ കളിയാക്കുന്ന തരത്തിലുള്ളതായിരുന്നു മോക്കാ മോക്കാ.

ഓരോ തവണ പാകിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെടുമ്പോഴും പുതിയ തരത്തിലുള്ള പരസ്യമാണ് ഇവര്‍ പുറത്തിറക്കാറുണ്ടായിരുന്നത്. പെപ്‌സിയുടെ പരസ്യങ്ങളില്‍ ഏറെ പ്രചാരം നേടിയവയായിരുന്നു മോക്കാ മോക്കാ.

2015 ലോകകപ്പിലായിരുന്നു മോക്കാ മോക്കാ എന്ന പരസ്യ ഗാനം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആര്‍ച്ച് നെമസിസുകളായ ഇരുവരുടെയും അഡ് ലെയ്ഡില്‍ നടന്ന മത്സരത്തിന് ചൂടും ചൂരും നല്‍കിയത് ഈ പരസ്യ ഗാനമായിരുന്നു.

എന്നാല്‍ കഴിഞ്ഞ ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ ഈ പാട്ടും പഴങ്കഥയായിരുന്നു.

എന്നാലിപ്പോള്‍ 2022 ഏഷ്യാ കപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇത്തവണ ‘മോക്കാ മോക്കാ’ എയര്‍ ചെയ്യില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഐ.സി.സിയുടെ ലോകകപ്പിലെ ഒറ്റ മത്സരത്തില്‍ പോലും പാകിസ്ഥാന് ഇന്ത്യയോട് ജയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ടി-20 ലോകകപ്പില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കി പാകിസ്ഥാന്‍ വിജയിച്ചതോടെയാണ് ഇത്തവണ ഇന്ത്യ – പാകിസ്ഥാന്‍ ഫേസ് ഓഫിന് മോക്കാ മോക്കാ വേണ്ട എന്ന തീരുമാനത്തിലേക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സ് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ പാകിസ്ഥാന് മുന്നില്‍ അടിയറവ് പറഞ്ഞതിന് പിന്നാലെ മോക്കാ മോക്കായും എയറിലായിരുന്നു. ഒരു ദയവും കാണിക്കാതെയായിരുന്നു ട്രോളന്മാര്‍ ഒരു കാലത്തെ ക്രിക്കറ്റ് ആരാധകരെ ഏറെ രസിപ്പിച്ച പരസ്യ ഗാനത്തെ എയറില്‍ കയറ്റിയത്.

ആഗസ്റ്റ് 28നാണ് ഇന്ത്യയും പാകിസ്ഥാന്‍ പരസ്പരം ഏറ്റുമുട്ടുന്നത്. സെപ്റ്റംബര്‍ നാലിന് സൂപ്പര്‍ ഫോറില്‍ ഇരുവരും വീണ്ടും കൊമ്പുകോര്‍ക്കും. വിധി അനുവദിച്ചാല്‍ സെപ്റ്റംബര്‍ 11ന് നടക്കുന്ന ഫൈനലിലും ഇന്ത്യ – പാക് ക്ലാസിക് പോരാട്ടം കാണാന്‍ സാധിക്കും.

ഏഷ്യാ കപ്പിന് ശേഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യ – പാക് പോരാട്ടം ആവേശമാവും. ഇരുവരും ഒരേ ഗ്രൂപ്പില്‍ ആണെന്നതും, കഴിഞ്ഞ വര്‍ഷത്തിന്റെ റീ മാച്ച് ആണെന്നതും ആരാധകരില്‍ ആവേശം ഇരട്ടിയാക്കുന്നുണ്ട്. ഒക്ടോബര്‍ 23ന് മെല്‍ബണിലാണ് മത്സരം.

Content Highlight: Reports says Star Sports will not air the ‘Mauka Mauka’ ad for India-Pakistan Asia Cup 2022

We use cookies to give you the best possible experience. Learn more