ലോകകപ്പിലെ ആദ്യ മത്സരം ഗില്ലിന് നഷ്ടമായേക്കും; റിപ്പോർട്ടുകൾ
ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിന് വെറും രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ക്യാമ്പിന് നിരാശ നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഇന്ത്യയുടെ യുവ ഓപ്പണർ ശുഭ് മൻ ഗിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ആദ്യ മത്സരം താരത്തിന് നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗിൽ ചെന്നൈയിൽ എത്തിയത് മുതൽ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നാണ് ബി.സി.സി.ഐ അറിയിച്ചത്.
‘ചെന്നൈയിൽ വന്നതുമുതൽ ഗില്ലിന് നല്ല പനി ഉണ്ടായിരുന്നു. വെള്ളിയാഴ്ച അവന്റെ ആരോഗ്യസ്ഥിതി എങ്ങനെയുണ്ടെന്നറിയാൻ ടെസ്റ്റുകൾ നടത്തും. ഉദ്ഘാടന മത്സരത്തിൽ ഗില്ലിന് കളിക്കാൻ സാധിക്കുമോയെന്നും മെഡിക്കൽ ടീം അറിയിക്കും. സാധാരണ ഒരു പനി ആണെങ്കിൽ അവന് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാം. എന്നാൽ ഇത് മുഴുവനും തീരുമാനിക്കുന്നത് മെഡിക്കൽ ടീമാണ്’, ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
സമീപകാലങ്ങളിൽ ഗിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ലോകകപ്പിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ പ്രധാന ഘടകമായിരുന്നു ഗിൽ. ഈ വർഷത്തിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ് മാൻ.
ഏകദിനത്തിൽ ആദ്യത്തെ 35 മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടവും ഗില് കൈവരിച്ചിരുന്നു. ഗില്ലിനു പകരം ഓപ്പണിങ്ങിൽ രോഹിതിനൊപ്പം ഇഷാൻ കിഷൻ ആയിരിക്കും ഇറങ്ങുക.
ഗില്ലിന്റെ അഭാവം വലിയ തിരിച്ചടിയായിരിക്കും ഇന്ത്യൻ ടീമിന് നൽകുക. ശുഭ് മാൻ അതിവേഗം ആരോഗ്യം വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഒക്ടോബർ എട്ടിന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ മത്സരം നടക്കുന്നത്.
Content Highlight: Reports says Shubman Gill will miss the first match of the World Cup.