ടി-20 ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യക്ക് സിംബാബ്വെയുമായാണ് പരമ്പരയുള്ളത്. ജൂലൈ ഏഴ് മുതല്‍ ജൂലൈ 14 വരെയാണ് ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
ലോകകപ്പിനു ശേഷം നടക്കുന്ന പരമ്പരയായതിനാല്‍ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍ ഈ പരമ്പരയില്‍ കളിക്കില്ല. അതുകൊണ്ടുതന്നെ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക ആരാണ് എന്നുള്ള ചോദ്യങ്ങളും ശക്തമായി നിലനില്‍ക്കുന്നുണ്ട്.
ഇപ്പോള്‍ സിംബാബ്വെക്കെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആരാണെന്നുള്ള വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദി ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകകപ്പിനു ശേഷം നടക്കുന്ന പരമ്പരയില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ ആയിരിക്കും ഇന്ത്യയെ നയിക്കുക എന്നാണ് പറയുന്നത്.
സിംബാബ്വെക്കെതിരെയുള്ള പരമ്പരക്കുള്ള 20 അംഗ താല്‍ക്കാലിക ടീമിനെ തെരഞ്ഞെടുത്തുവെന്നും സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നെ ടീമുകളെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലെക്ഷന്‍ കമ്മറ്റി പരിഗണിക്കുന്നുണ്ടെന്നും ഇരുവരും ഇതില്‍ നിരസിക്കുകയാണ് ചെയ്തതെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ടീമിനെ പ്രഖ്യാപിക്കും എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2024 ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയിരുന്നു ഗിൽ. ഗില്ലിന്റെ കീഴിൽ 14 മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും ഏഴ് തോൽവിയും അടക്കം 12 പോയിന്റുമായി എട്ടാം സ്ഥാനത്തായിരുന്നു ഗുജറാത്ത് ഫിനിഷ് ചെയ്തിരുന്നത്.
ഈ പരമ്പരയില്‍ ഒരുപിടി യുവതാരങ്ങള്‍ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ രാജസ്ഥാന് റോയല്‍സിന്റെ യുവതാരം റിയാന്‍ പരാഗ് ചാമ്പ്യന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങള്‍ ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതകളുണ്ട്.
അതേസമയം ഇന്ത്യ ഇന്ന് സൂപ്പര്‍ 8ലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. സൂപ്പര്‍ 8ല്‍ നടന്ന ആദ്യ രണ്ടു മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് രോഹിത് ശര്‍മയും സംഘവും കങ്കാരു പടയ്ക്കെതിരെ കളത്തില്‍ ഇറങ്ങുന്നത്.
മറുഭാഗത്ത് കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 21 റണ്‍സിന്റെ തോല്‍വി വഴങ്ങിയ മിച്ചല്‍ മാര്‍ഷിനും സംഘത്തിനും സെമിയിലേക്ക് മുന്നേറണമെങ്കില്‍ ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനങ്ങള്‍ നടത്തേണ്ടിവരും.