| Thursday, 22nd September 2022, 6:07 pm

അവന്‍ പി.എസ്.ജി വിടുന്നു; ഒന്നുകില്‍ ബെക്കാമിനൊപ്പം മിയാമിയിലേക്ക് അല്ലെങ്കില്‍ ഏഷ്യയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജി സൂപ്പര്‍ താരം സെര്‍ജിയോ റാമോസ് ടീം വിടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തിന് മുമ്പില്‍ വമ്പന്‍ ഓഫറുകളുമായി രണ്ട് നോണ്‍ യൂറോപ്യന്‍ ക്ലബ്ബുകള്‍ രംഗത്തെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡേവിഡ് ബെക്കാമിന്റെ എം.എല്‍.എസ് (മേജര്‍ ലീഗ് സോക്കര്‍) ക്ലബ്ബായ ഇന്റര്‍ മിയാമി (Inter Miami), ജാപ്പനീസ് ക്ലബ്ബ് വിസല്‍ കോബി (Vissel Kobe) എന്നിവരാണ് റാമോസിന് വേണ്ടി രംഗത്തുള്ളതെന്നാണ് എന്‍ നാഷണല്‍ (El Nacional) റിപ്പോര്‍ട്ട് ചെയ്യുന്നത്.

പി.എസ്.ജിയിലെത്തിയ ആദ്യ സീസണില്‍ തന്നെ താരത്തിന് പരിക്കേറ്റിരുന്നു. ആ സീസണില്‍ 13 മത്സരം മാത്രമാണ് റാമോസിന് പാരീസ് വമ്പന്‍മാര്‍ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചത്. ക്രിസ്റ്റൊഫെ ഗാള്‍ട്ടിയര്‍ ടീമിന്റെ ആശാനയപ്പോള്‍ 11 മത്സരത്തില്‍ റാമോസ് പി.എസ്.ജിക്ക് വേണ്ടി ബൂട്ടണിഞ്ഞു.

തന്റെ ഫിറ്റ്‌നെസ്സും കളിക്കനുള്ള അഭിനിവേശവും താരം വീണ്ടും നേടിയെടുത്തെങ്കിലും പാരീസില്‍ റാമോസിന്റെ ഭാവി അത്രകണ്ട് സുരക്ഷിതമല്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാഭകരമായ ഒരു ഓഫര്‍ താരത്തിന് മുമ്പിലെത്തിയാല്‍ റാമോസ് പാരീസ് വിട്ടേക്കും.

ജപ്പാനീസ് ക്ലബ്ബായ വിസല്‍ കോബിക്ക് താരത്തെ ടീമിലെത്തിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. ജെ വണ്‍ (J1) ലീഗില്‍ നിലവില്‍ 13ാം സ്ഥാനത്തുള്ള ഈ കന്‍സായി ക്ലബ്ബ് അടുത്ത സീസണ് മുമ്പായി ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.

2018ല്‍ ബാഴ്‌സയില്‍ നിന്നും സ്പാനിഷ് ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റയെ സൈന്‍ ചെയ്തുകൊണ്ട് വിസല്‍ കോബെ സ്പാനിഷ് ഫുട്‌ബോളുമായി മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. ഈ ബന്ധം റാമോസിന്റെ കാര്യത്തില്‍ ഗുണകരമായി ഭവിക്കുമെന്നാണ് ടീമിന്റെ വിലയിരുത്തല്‍.

വിസല്‍ കോബിക്ക് പുറമെ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയാണ് റാമോസിനായി രംഗത്തുള്ള മറ്റൊരു ടീം. റാമോസ് മിയാമിക്കൊപ്പം ചേരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും ജപ്പാനിലും തന്റെ പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് ആഗ്രഹമുണ്ടെന്നും ഇരു ടീമിനും തുല്യ സാധ്യതയാണ് കല്‍പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2023വരെയാണ് പി.എസ്.ജിയുമായി റാമോസിന് കരാറുള്ളത്. ഒരു വര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടാന്‍ ഓപ്ഷന്‍ ഉണ്ടെങ്കിലും താരം അതിന് ശ്രമിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.

ടീം മാനേജ്‌മെന്റും കോച്ചും റാമോസില്‍ തൃപ്തനാണ്. എന്നിരുന്നാലും പുതിയ തട്ടകങ്ങള്‍ തേടിയുള്ള യാത്രയില്‍ താരം പാരീസ് വമ്പന്‍മാരുമായി ഗുഡ് ബൈ പറഞ്ഞേക്കും.

Content Highlight: Reports says Sergio Ramos will leave PSG

We use cookies to give you the best possible experience. Learn more