Sports News
മെസിക്കൊപ്പം ഒന്നിച്ച് കളിച്ചവന് മയാമി വേണ്ട... ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ്
ലയണല്‍ മെസിയുടെ വരവോടെ ഇന്‍ര്‍ മയാമിയും മേജര്‍ ലീഗ് സോക്കറും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ പ്രധാന ചര്‍ച്ചാ വിഷയമായിത്തീര്‍ന്നിരുന്നു.
മെസിക്ക് പിന്നാലെ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും ജോര്‍ധി ആല്‍ബയും മയാമിയിലെത്തിയതോടെ വീണ്ടും മേജര്‍ ലീഗ് സോക്കര്‍ പ്രധാന ചര്‍ച്ചയായി. മറ്റേതെല്ലാം സൂപ്പര്‍ താരങ്ങള്‍ ഇനി എം.എല്‍.എസ്സിലേക്ക് ചുവടുമാറ്റുമെന്നാണ് ആരാധകര്‍ കണ്ണുനട്ടിരിക്കുന്നത്.
തനിക്ക് എം.എസ്.എല്ലിലോ ഇന്റര്‍ മയാമിയിലോ കളിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ മെസിയുടെ സഹതാരമായിരുന്ന സെര്‍ജിയോ റാമോസ്.
മാര്‍ക്കയുടെ റിപ്പോര്‍ട്ട് പ്രകാരം റാമോസിന് എം.എല്‍.എസില്‍ കളിക്കാന്‍ താത്പര്യമില്ലെന്നും ചാമ്പ്യന്‍സ് ലീഗ് ടീമിനൊപ്പം സൈന്‍ ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നും പ്രമുഖ കായികമാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണ്‍ 30ന് പി.എസ്.ജിയിലെ കരാര്‍ അവസാനിച്ച റാമോസ് നിലവില്‍ ഫ്രീ ഏജന്റാണ്. ഇതുവരെ പുതിയൊരു ക്ലബ്ബുമായി സ്പാനിഷ് ഇന്റര്‍നാഷണല്‍ കരാറിലെത്തിയിട്ടില്ല.
ഇതിനിടെ താരം എം.എസ്.എല്ലില്‍ ഇന്റര്‍ മയാമിയിലേക്ക് തട്ടകം മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എം.എസ്.എല്ലിലെ മറ്റൊരു ടീമായ ലോസ് ആഞ്ചലസിലേക്കാണ് റാമോസ് ചേക്കാറാനൊരുങ്ങുന്നത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
റയല്‍ മാഡ്രിഡില്‍ കളിക്കവെ റാമോസിന്റെ സഹതാരമായിരുന്ന ഗാരത് ബെയ്ല്‍ കളിച്ച ടീമാണ് ലോസ് ആഞ്ചലസ്.
പഴയ ബാഴ്‌സ താരങ്ങളെ ടീമിലെത്തിച്ച് ഇന്റര്‍ മയാമി സ്‌ക്വാഡ് ഡെപ്ത് കൂട്ടുമ്പോള്‍ പഴയ റയല്‍ താരങ്ങളെ ലോസ് ആഞ്ചലസ് നോട്ടമിടുകയും എം.എല്‍.എസ്സില്‍ പുതിയ എല്‍ ക്ലാസിക്കോ യുഗം തുടങ്ങാന്‍ ഒരുങ്ങുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്.
മെക്‌സിക്കന്‍ ഫുട്‌ബോള്‍ ലീഗായ ലിഗ എം.എക്‌സ് ടീമായ ക്ലബ്ബ് അമേരിക്കയില്‍ നിന്നും റാമോസിന് വമ്പന്‍ ഓഫര്‍ വന്നിട്ടുണ്ടെന്നും താരം അത് സ്വീകരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും മാര്‍ക്ക പൂര്‍ണമായും തള്ളിക്കളയുന്നുണ്ട്.
എന്നാല്‍ റാമോസിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കേണ്ടതില്ല എന്ന് മെസി മയാമിക്ക് നിര്‍ദേശം നല്‍കിയതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ തനിക്കൊപ്പം പന്തുതട്ടിയ റാമോസിനെ തത്കാലത്തേക്ക് ടീമിലെത്തിക്കേണ്ട എന്നാണ് താരം മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയതെന്നാണ് എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെസിക്കൊപ്പം തന്നെ ബുസ്‌ക്വെറ്റ്സും ആല്‍ബയും റാമോസിന്റെ കാര്യത്തില്‍ വിമുഖത പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബാഴ്സ – റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ മത്സരത്തില്‍ മൂവരും റാമോസുമായി പലവട്ടം ഏറ്റുമുട്ടിയതാണ്. മെസി പി.എസ്.ജിയിലെത്തിയപ്പോഴും ഇരുവര്‍ക്കുമിടയിലെ അകല്‍ച്ച പൂര്‍ണമായും അവസാനിച്ചിട്ടുമില്ലായിരുന്നു.
46 മത്സരങ്ങളിലാണ് ഇരുവരും പി.എസ്.ജിക്കായി കളത്തിലിറങ്ങിയത്. ഇരുവരും ചേര്‍ന്ന് രണ്ട് ഗോളും നേടിയിരുന്നു.
Content highlight: Reports says Sergio Ramos does not want to join him at Inter Miami