ഐ.സി.സി 2024 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വിരാട് കോഹ്‌ലിയെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അജിത് അഗാര്‍ക്കറിന് കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി വിരാട് കോഹ്‌ലിയെ ടീമിലെടുക്കുന്നതില്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് ദി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് പ്രമുഖ കായികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെസ്റ്റ് ഇന്‍ഡീസിലെ പിച്ചുകളില്‍ വിരാട് കോഹ്‌ലിക്ക് ശോഭിക്കാന്‍ സാധിക്കില്ലെന്നും ഏറെ നാളായി സെലക്ടര്‍മാര്‍ ഇക്കാര്യം പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ വെസ്റ്റ് ഇന്‍ഡീസിലെ സ്ലോ വിക്കറ്റുകള്‍ അദ്ദേഹത്തിന് അനുയോജ്യമല്ലെന്ന് വിശ്വസിക്കുന്ന സെലക്ടര്‍മാര്‍ ഈ വിഷയം കുറച്ചുകാലമായി പരിഗണിക്കുകയാണ്. പ്ലാനുകളിലെ മാറ്റത്തെ കുറിച്ച് നിര്‍ദേശിക്കാന്‍ ഒന്നും തന്നെയില്ല,’ റിപ്പോര്‍ട്ട് പറയുന്നു.
മാര്‍ക്വി ഇവന്റില്‍ വിരാട് കോഹ്‌ലിയെ ടീമിന്റെ ഭാഗമാക്കണോ എന്ന തീരുമാനം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന് വിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിന് ശേഷം ഇന്ത്യക്ക് ഒറ്റ ഐ.സി.സി ട്രോഫി പോലും നേടാന്‍ സാധിക്കാത്തതിനാല്‍ സെലക്ഷന്‍ കമ്മിറ്റി കടുത്ത തീരുമാനങ്ങളെടുത്തേക്കുമെന്നും സ്‌ക്വാഡില്‍ വെട്ടിനിരത്തലുകള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ടീമിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വിരാട് പരാജയപ്പെട്ടുവെന്നാണ് സെലക്ഷന്‍ കമ്മിറ്റിയും മാനേജ്‌മെന്റും വിലയിരുത്തുന്നതെന്ന് ക്രിക്കറ്റ് അഡിക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2022 ലോകകപ്പിന് ശേഷം വിരാട് കോഹ് ലിയും രോഹിത് ശര്‍മയും കാര്യമായി ടി-20 മത്സരങ്ങള്‍ കളിച്ചിരുന്നില്ല. അഫ്ഗാനെതിരായ പരമ്പരയിലാണ് ഇരുവരും വീണ്ടും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങുന്നത്.
ആദ്യ രണ്ട് മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയ രോഹിത് തന്റെ സ്ഥാനം അടയാളപ്പെടുത്തിയിരുന്നു. പരമ്പരയില്‍ രണ്ട് ഇന്നിങ്‌സില്‍ 29, 0 എന്നിങ്ങനെയായിരുന്നു വിരാടിന്റെ സ്‌കോര്‍.
ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ രോഹിത് ശര്‍മ ടി-20 ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും വിരാടിന്റെ കാര്യത്തില്‍ ഒന്നും തന്നെ പറഞ്ഞിരുന്നില്ല.
ലോകകപ്പില്‍ ബി.സി.സി.ഐ വിരാടിനെ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന് തീരുമാനിക്കുകയാണെങ്കില്‍ ആരാധകരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുണ്ടാകുമെന്നുറപ്പാണ്. അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിരാടിനെ പുറത്തിരുത്തി ഇന്ത്യ ലോകകപ്പിനിറങ്ങുമോ എന്ന് കണ്ടറിയണം.
Content highlight: Reports says selectors are not willing to include Virat Kohli in the India squad for 2024 T20 World Cup