പന്തല്ല, ലോകകപ്പില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു തന്നെ; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
T20 world cup
പന്തല്ല, ലോകകപ്പില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു തന്നെ; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th April 2024, 5:34 pm

ഐ.പി.എല്ലിന് ശേഷം നടക്കുന്ന ടി-20 ലോകകപ്പിന്റെ ആവേശം ഇതിനോടകം തന്നെ കത്തിക്കയറുകയാണ്. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ലോകകപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും ഐ.പി.എല്ലിനൊപ്പം തന്നെ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാണ്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടണമെങ്കില്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുകയാണ് ഏക പോംവഴി. ലോകകപ്പിന് മുമ്പ് ഇന്ത്യ മറ്റ് ടി-20 പരമ്പരകളോ സന്നാഹ മത്സരങ്ങളോ കളിക്കാത്തതിനാല്‍ ഐ.പി.എല്‍ തന്നെയായിരിക്കും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡം.

 

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരായിരിക്കും എന്നതാണ് നിലവിലെ ഏറ്റവും ചൂടേറിയ ചര്‍ച്ച വിഷയം. മികച്ച ഫോമില്‍ തുടരുന്ന താരങ്ങള്‍ക്കിടയില്‍ നിന്നും അപെക്‌സ് ബോര്‍ഡ് ആരെ ടീമിന്റെ ഭാഗമാക്കും എന്നത് കണ്ടുതന്നെ അറിയണം.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിഷബ് പന്തിനേക്കാള്‍ മുന്‍ഗണന സഞ്ജു സാംസണ് സെലക്ടര്‍മാര്‍ നല്‍കിയേക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പന്തിനേക്കാള്‍ മികച്ച രീതിയില്‍ സ്പിന്‍ ബൗളര്‍മാരെ നേരിടാന്‍ സഞ്ജുവിന് സാധിക്കും എന്നതാണ് താരത്തിന് അപ്പര്‍ഹാന്‍ഡ് നല്‍കുന്നത്.

സ്പിന്നര്‍മാരെ തുണയ്ക്കുന്ന വിന്‍ഡീസിലെ സ്ലോ പിച്ചുകളില്‍ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇരുവരുടെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും സെലക്ടര്‍മാര്‍ ഒരു തീരുമാനത്തിലെത്തുക എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡ്

ബാറ്റര്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, യശസ്വി ജെയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്.

വിക്കറ്റ് കീപ്പര്‍: സഞ്ജു സാംസണ്‍, റിഷബ് പന്ത്.

ഓള്‍ റൗണ്ടര്‍: ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ.

സ്പിന്നര്‍: കുല്‍ദീപ് യാദവ്

പേസര്‍: ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ / മുഹമ്മദ് സിറാജ്

മറ്റ് ഓപ്ഷനുകള്‍: കെ.എല്‍. രാഹുല്‍, യൂസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, സന്ദീപ് ശര്‍മ.

ജൂണ്‍ രണ്ടിനാണ് ക്രിക്കറ്റ് മാമാങ്കം ആരംഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ഇത്തവണ ലോകകപ്പിന് വേദിയാകുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്ലാന്‍ഡാണ് എതിരാളികള്‍.

ഇന്ത്യയുടെ ആദ്യ മത്സരം അയര്‍ലാന്‍ഡിനെതിരെയാണ്. ജൂണ്‍ അഞ്ചിന് നടക്കുന്ന മത്സരത്തിന് ഈസ്റ്റ് മെഡോയാണ് വേദിയാകുന്നത്.

ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂണ്‍ 05 vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ

ജൂണ്‍ 09 vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ

ജൂണ്‍ 12 vs യു.എസ്.എ – ഈസ്റ്റ് മെഡോ

ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്

Content Highlight: Reports says selection committee to pick Sanju Samson over Rishabh Pant in ICC T20 World Cup 2024