| Thursday, 5th January 2023, 3:08 pm

റൊണാള്‍ഡോക്ക് പിന്നാലെ മെസിയും സൗദിയിലേക്ക്?; കോടികള്‍ വാരിയെറിയാന്‍ ബദ്ധശത്രുക്കള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ മണ്ണിലേക്ക് കളിത്തട്ടകം മാറ്റിയതായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം. സൗദി ഫുട്‌ബോള്‍ ജയന്റ്‌സായ അല്‍ നസറാണ് റൊണാള്‍ഡോയെ സൗദി അറേബ്യന്‍ മണ്ണിലെത്തിച്ചത്.

എന്നാല്‍ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് കൊഴുപ്പുകൂട്ടാന്‍ ലയണല്‍ മെസിയും സൗദിയിലേക്കെത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അല്‍ നസറിന്റെ ചിരവൈരികളും നിലവിലെ പ്രോ ലീഗ് ചാമ്പ്യന്‍മാരുമായ അല്‍ ഹിലാലാണ് മെസിയെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ ഭാഗമായി അല്‍ ഹിലാല്‍ മെസിയുമായി ചര്‍ച്ച നടത്തിയെന്ന് പ്രമുഖ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ താരമായ മുപ്പത്തിയഞ്ചുകാരന്‍ മെസ്സി ക്ലബ്ബുമായി പുതിയ കരാര്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ല. മെസിയുടെ സൗദിയിലേക്കുള്ള വരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഇന്ധനമാകുന്നതിന്റെ പ്രധാന വസ്തുത ഇതാണ്.

അല്‍ നസറിലെത്തിയതോടെ ക്രിസ്റ്റ്യാനോയുടെ ആയിരക്കണക്കിനു ജേഴ്‌സികള്‍ ചുരുങ്ങിയ സമയത്തിനകം വിറ്റുപോയിരുന്നു. ഇതിന് പിന്നാലെ മെസി എന്ന് എഴുതിയ അല്‍ ഹിലാലിന്റെ പത്താം നമ്പര്‍ ജഴ്സി ക്ലബിന്റെ ജഴ്സി സ്റ്റോറുകളില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു.

അല്‍ നസറും അല്‍ ഹിലാലും തമ്മിലുള്ള വൈര്യത്തിന് ഇടയില്‍ മെസിയുടെ ജേഴ്സി എത്തിയത് ട്രാന്‍സ്ഫര്‍ സാധ്യതകള്‍ കൂട്ടുന്നുണ്ട്. എന്തു വിലകൊടുത്തും മെസിയെ അല്‍ ഹിലാല്‍ ക്ലബ്ബില്‍ എത്തിക്കുമെന്നതിന്റെ സൂചനയാണിതെന്നു കരുതുന്നു.

റൊണാള്‍ഡോ അല്‍ നസറില്‍ ചേര്‍ന്നതിനു പിന്നാലെ മെസിയെ ടീമിലെത്തിക്കാനുള്ള കരാര്‍ അല്‍ ഹിലാല്‍ ഗൗരവമായി പരിഗണിക്കുകയാണെന്ന് കുവൈത്തിലെ മുന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. സാദ് ബിന്‍ തഫേല അല്‍ അജ്മി പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്‍പില്‍ വെച്ചിരിക്കുന്നതെന്നാണ് സൂചന. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിലെത്തിയതോടെയാണ് മെസിയെ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ അല്‍ ഹിലാല്‍ കടുപ്പിച്ചത്. എന്നാല്‍ മെസിയോ അല്‍ ഹിലാല്‍ ക്ലബ്ബോ ഇതുവരെ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content highlight: Reports says Saudi football club Al Hilal held discussion with Lionel Messi

We use cookies to give you the best possible experience. Learn more