ഫുട്‌ബോള്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ മണ്ണിലേക്ക് കളിത്തട്ടകം മാറ്റിയതായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം. സൗദി ഫുട്‌ബോള്‍ ജയന്റ്‌സായ അല്‍ നസറാണ് റൊണാള്‍ഡോയെ സൗദി അറേബ്യന്‍ മണ്ണിലെത്തിച്ചത്.
എന്നാല്‍ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് കൊഴുപ്പുകൂട്ടാന്‍ ലയണല്‍ മെസിയും സൗദിയിലേക്കെത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അല്‍ നസറിന്റെ ചിരവൈരികളും നിലവിലെ പ്രോ ലീഗ് ചാമ്പ്യന്‍മാരുമായ അല്‍ ഹിലാലാണ് മെസിയെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ ഭാഗമായി അല്‍ ഹിലാല്‍ മെസിയുമായി ചര്‍ച്ച നടത്തിയെന്ന് പ്രമുഖ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ താരമായ മുപ്പത്തിയഞ്ചുകാരന്‍ മെസ്സി ക്ലബ്ബുമായി പുതിയ കരാര്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ല. മെസിയുടെ സൗദിയിലേക്കുള്ള വരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഇന്ധനമാകുന്നതിന്റെ പ്രധാന വസ്തുത ഇതാണ്.
അല്‍ നസറിലെത്തിയതോടെ ക്രിസ്റ്റ്യാനോയുടെ ആയിരക്കണക്കിനു ജേഴ്‌സികള്‍ ചുരുങ്ങിയ സമയത്തിനകം വിറ്റുപോയിരുന്നു. ഇതിന് പിന്നാലെ മെസി എന്ന് എഴുതിയ അല്‍ ഹിലാലിന്റെ പത്താം നമ്പര്‍ ജഴ്സി ക്ലബിന്റെ ജഴ്സി സ്റ്റോറുകളില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു.