| Saturday, 4th November 2023, 10:52 am

സൗദിയുടെ കണ്ണുകള്‍ ഐ.പി.എല്ലിലേക്കും, ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചു; റിപ്പോര്‍ട്ടുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും ലാഭകരമായ ക്രിക്കറ്റ് ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍). ഇപ്പോഴിതാ ഐപിഎല്ലില്‍ വന്‍ തുക നിക്ഷേപം നടത്താന്‍ സൗദി അറേബ്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

30 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു കമ്പനിയെ ഐ.പി.എല്ലില്‍ കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബറിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ വന്ന സമയത്ത് ആയിരുന്നു ഇതിനെപറ്റിയുള്ള ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചയില്‍ ഐപിഎല്ലിലേക്ക് 5 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാനും ലീഗിനെ ആഗോളതലത്തിലേക്ക് ഉയര്‍ത്താനുള്ള താല്പര്യം സൗദി മുന്നോട്ടുവെച്ചുമെന്നുമാണ് ഏറ്റവും അടുത്തുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

2008ലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചത്. സൂപ്പര്‍ താരങ്ങളുടെയും പരിശീലകരുടെയും പങ്കാളിത്തം ലീഗിന് വളരെയധികം ആകര്‍ഷണമാണ് നല്‍കുന്നത്.

കഴിഞ്ഞ സീസണിലെ ഐ.പി.എല്ലിന്റെ സംരക്ഷണാവകാശം 6.2 മില്യണ്‍ ഡോളറിനായിരുന്നു വില്‍പ്പന നടത്തിയത്. ഇത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ പോലും മറികടക്കുന്നതായിരുന്നു.

ഐ.പി.എല്ലില്‍ സൗദിയുടെ ഇടപെടല്‍ ഉണ്ടായാല്‍ ലീഗില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. പല രാജ്യങ്ങളിലും ഐ.പി.എല്‍ മാതൃകയില്‍ മത്സരങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. സൗദിയുടെ കടന്നുവരവോടുകൂടി ഐ.പി.എല്ലിന് പുതിയൊരു മേല്‍വിലാസം സൃഷ്ടിക്കാനും ആഗോള കായിക വേദിയില്‍ ഒരു പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റ് ആയി മാറ്റാനും സാധിക്കും.

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) ആണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മേല്‍നോട്ടം വഹിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രസ്താവനങ്ങളൊന്നും ബോര്‍ഡ് പുറത്തുവിട്ടിട്ടില്ല.

Content Highlight: Reports says saudi Arabia expresses interest to buy stake in IPL.

We use cookies to give you the best possible experience. Learn more