സഞ്ജുവിനും വെടിക്കെട്ടിനും വിശ്രമമില്ല; സര്‍പ്രൈസ് നീക്കം; ചേട്ടന്‍ ഇനി ക്യാപ്റ്റന്‍
Sports News
സഞ്ജുവിനും വെടിക്കെട്ടിനും വിശ്രമമില്ല; സര്‍പ്രൈസ് നീക്കം; ചേട്ടന്‍ ഇനി ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th November 2024, 7:48 am

 

ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിച്ചേക്കും. ഇന്ത്യന്‍ ടീമിനൊപ്പമെന്ന പോലെ കേരള ടീമിന്റെയും ഓപ്പണര്‍ റോളിലാവും ടി-20 ടൂര്‍ണമെന്റില്‍ സഞ്ജു കളിക്കുകയെന്നാണ് വിവരം.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് സെഞ്ച്വറിയുമായി മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു ടീമിന്റെ അടുത്ത ടി-20 പരമ്പരയിലും ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പാണ്. അടുത്ത വര്‍ഷം ജനുവരിയിലാണ് ഇന്ത്യയുടെ അടുത്ത ടി-20 പരമ്പര. ഇംഗ്ലണ്ടാണ് എതിരാളികള്‍.

ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് വലിയ ഇടവേള വേണ്ടെന്നാണ് സഞ്ജുവിന്റെ നിലപാട്. ഇന്ത്യയുടെ അടുത്ത ടി-20 പരമ്പരക്ക് രണ്ട് മാസത്തോളം കാലതാമസമുള്ളതിനാല്‍ സഞ്ജു കേരളത്തിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്നത് മികച്ച നീക്കമാണെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ടൂര്‍ണമെന്റിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് അനിവാര്യമാണ്. ഇന്ത്യന്‍ ടീമിന്റെ ടോപ് ഓര്‍ഡറിലും വിക്കറ്റിന് പിന്നിലും തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സഞ്ജുവിനെ മുഷ്താഖ് അലി ട്രോഫി സഹായിച്ചേക്കും.

നവംബര്‍ 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. സെക്കന്ദരാബാദിലെ ജിംഖാന ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍.

സര്‍വീസസിനൊപ്പം ഗ്രൂപ്പ് ഇ-യിലാണ് കേരളത്തിന്റെ സ്ഥാനം. മുംബൈ അടക്കമുള്ള കരുത്തര്‍ ഗ്രൂപ്പ് ഇ-യുടെ ഭാഗമാണ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി

ബി.സി.സി.ഐ സംഘടിപ്പിക്കുന്ന ആഭ്യന്തര ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി (SMAT). മുന്‍ താരം സയ്യിദ് മുഷ്താഖ് അലിയുടെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. രഞ്ജി കളിക്കുന്ന ടീമുകള്‍ തന്നെയാണ് ഈ ടൂര്‍ണമെന്റിന്റെയും ഭാഗമാകുന്നത്.

2006-07 സീസണിലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. ഉദ്ഘാടന സീസണില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ തമിഴ്നാടാണ് ആദ്യ കിരീടം സ്വന്തമാക്കിയത്.

ഫോര്‍മാറ്റ്: ടി-20

ആദ്യ എഡിഷന്‍: 2006-07

അവസാന എഡിഷന്‍: 2023-24

പുതിയ എഡിഷന്‍: 2024-25

ടൂര്‍ണമെന്റ് ഫോര്‍മാറ്റ്: റൗണ്ട് റോബിന്‍ ആന്‍ഡ് നോക്കൗട്ട്

ആകെ ടീമുകള്‍: 38

നിലവിലെ ചാമ്പ്യന്‍മാര്‍: പഞ്ചാബ് (ആദ്യ കിരീടം)

ഏറ്റവുമധികം കിരീടം നേടിയ ടീം: തമിഴ്നാട് (മൂന്ന് തവണ)

ഏറ്റവുമധികം റണ്‍സ്: ഹര്‍പ്രീത് സിങ് ഭാട്ടിയ (2215 റണ്‍സ്)

ഏറ്റവുമധികം വിക്കറ്റ്: സിദ്ധാര്‍ത്ഥ് കൗള്‍ (120 വിക്കറ്റുകള്‍)

 

സയ്യിദ് മുഷ്താഖ് അലി ട്രോഫി 2024-25 ഗ്രൂപ്പുകള്‍

 

ഗ്രൂപ്പ് എ

  1. ബംഗാള്‍
  2. പഞ്ചാബ്
  3. മധ്യപ്രദേശ്
  4. ഹൈദരാബാദ്
  5. രാജസ്ഥാന്‍
  6. മേഘാലയ
  7. മിസോറാം
  8. ബീഹാര്‍

 

ഗ്രൂപ്പ് ബി

  1. ഗുജറാത്ത്
  2. തമിഴ്നാട്
  3. സൗരാഷ്ട്ര
  4. കര്‍ണാടക
  5. ത്രിപുര
  6. ബറോഡ
  7. സിക്കം
  8. ഉത്തരാഖണ്ഡ്

 

ഗ്രൂപ്പ് സി

  1. ദല്‍ഹി
  2. ഹിമാചല്‍ പ്രദേശ്
  3. ഉത്തര്‍ പ്രദേശ്
  4. ഹരിയാന
  5. ജാര്‍ഖണ്ഡ്
  6. ജമ്മു കശ്മീര്‍
  7. മണിപ്പൂര്‍
  8. അരുണാചല്‍ പ്രദേശ്

 

ഗ്രൂപ്പ് ഡി

  1. അസം
  2. റെയില്‍വേയ്സ്
  3. ഒഡീഷ
  4. വിദര്‍ഭ
  5. ചണ്ഡിഗഢ്
  6. പുതുച്ചേരി
  7. ഛത്തീസ്ഗഢ്

 

ഗ്രൂപ്പ്

  1. മുംബൈ
  2. ഗോവ
  3. ആന്ധ്ര പ്രദേശ്
  4. കേരളം
  5. മഹാരാഷ്ട്ര
  6. സര്‍വീസസ്
  7. നാഗാലാന്‍ഡ്

 

Content Highlight: Reports says Sanju Samson will lead Kerala in Syed Mushtaq Ali Trophy