| Thursday, 8th September 2022, 7:25 pm

സഞ്ജുവിന് ലോകകപ്പ് കളിക്കാം; താരത്തെ ടീമിലെടുക്കുമെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് ടീമിന്റെ ഭാഗമാകാന്‍ സാധിക്കുമെന്ന് ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

സ്‌പോര്‍ട്‌സ് കീഡയടക്കമുള്ള വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഇത്തരമൊരു അഴിച്ചുപണിക്ക് ഇന്ത്യന്‍ ടീം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള സഞ്ജുവിനെ എന്തുവന്നാലും ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനുമായ രവിശാസ്ത്രി പറഞ്ഞിരുന്നു.

ഓസ്‌ട്രേലിയയില്‍ ഷോര്‍ട്ട് ബോള്‍ വെല്ലുവിളികളെ സഞ്ജുവിന് അനായാസം അതിജീവിക്കാന്‍ സാധിക്കുമെന്നും മറ്റേത് ഇന്ത്യന്‍ താരത്തേക്കാളും കൂടുതല്‍ ഷോട്ടുകള്‍ സഞ്ജുവിന് കളിക്കാന്‍ സാധിക്കുമെന്നും ശാസ്ത്രി പറയുന്നു.

‘ലോകകപ്പിലെ എല്ലാ മത്സരത്തിലും ഷോര്‍ട്ട് ബോളുകള്‍ തീര്‍ച്ചയായും വെല്ലുവിളിയുയര്‍ത്തും. ത്രിപാഠിയ്ക്കും ശ്രേയസിനും സഞ്ജുവിനും അവിടെ അവസരമുണ്ട്.

എന്നാല്‍ ഓസ്‌ട്രേലിയയിയിലെ സാഹചര്യങ്ങളിലേക്ക് നോക്കുമ്പോള്‍ പേസ്, പുള്‍, കട്ട്, ബൗണ്‍സ് എല്ലാംകൊണ്ടും സഞ്ജുവിന് അവിടെ ഭീഷണിയുയര്‍ത്താന്‍ സാധിക്കും. മറ്റേത് ഇന്ത്യന്‍ താരത്തേക്കാളും കൂടുതല്‍ ഷോട്ടുകള്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ സഞ്ജുവിനുണ്ട്,’ ശാസ്ത്രി പറയുന്നു.

റിഷബ് പന്തിന് ടി-20 ഫോര്‍മാറ്റില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലെന്നും വരാനിരിക്കുന്ന ലോകകപ്പില്‍ പന്തിന് പകരം സഞ്ജു സാംസണെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും മുന്‍ പാക് താരം ഡാനിഷ് കനേരിയ കഴിഞ്ഞ ദിവസം പറഞ്ഞരുന്നു.

റിഷബ് പന്തിന് ഇതിനോടകം തന്നെ ആവശ്യത്തിലധികം അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ മാനേജ്മെന്റ് ഇപ്പോള്‍ സഞ്ജു സാംസണെ പിന്തുണക്കണമെന്നും കനേരിയ പറഞ്ഞു. ദിനേഷ് കാര്‍ത്തിക്കിനെ അധികകാലം ഇന്ത്യക്ക് ഒപ്പം നിര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘റിഷബ് പന്തിന് സ്വയം തെളിയിക്കാന്‍ ലഭിച്ച അത്രയും അവസരങ്ങള്‍ സഞ്ജു സാംസണിന് ലഭിച്ചിട്ടില്ല. ടി-20 ഫോര്‍മാറ്റില്‍ സഞ്ജുവാണ് മികച്ച ചോയ്‌സെന്നാണ് ഞാന്‍ കരുതുന്നത്.

ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ടി-20യില്‍ നിര്‍ണായകമാവാന്‍ സഞ്ജുവിനാണ് സാധിക്കുക. ഇനിയെത്രനാള്‍ ദിനേഷ് കാര്‍ത്തിക്കിന് ടീമില്‍ തുടരാന്‍ സാധിക്കും? ടി-20 ലോകകപ്പ് അടുത്തുവരുന്നതിനാല്‍ ഭാവിയിലേക്കുള്ള ടീമിനെ ഇന്ത്യ ഉടന്‍ സജ്ജമാക്കണം,’ എന്നായിരുന്നു കനേരിയയുടെ അഭിപ്രായം.

ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരത്തിലും ടീമിന് പുറത്തിരുന്ന പന്ത്, സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് ഇന്ത്യന്‍ നിരയിലേക്കെത്തിയത്. എന്നാല്‍ താരതമ്യേന മോശം പ്രകടനമായിരുന്നു പന്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും പന്ത് പരാജയമായിരുന്നു. ശ്രീലങ്കക്കെതിരായ മത്സരത്തിലെ അവസാന നിമിഷം റിഷബ് പന്തിന് ഡയറക്ട് ഹിറ്റിലൂടെ വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ മത്സരം ഫലം തന്നെ കീഴ്‌മേല്‍ മറിഞ്ഞേനേ.

പന്തിന് പകരക്കാരനായിട്ടോ അല്ലാതെയോ സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍ വേണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ലോകകപ്പിന്റെ കര്‍ട്ടന്‍ റെയ്‌സറായി വിലയിരുത്തിയ ഏഷ്യാ കപ്പിലെ മോശം പ്രകടനം സെലക്ടര്‍മാരെ ചിന്തിപ്പിച്ചിരിക്കുമെന്നുറപ്പാണ്. ലോകകപ്പിലെങ്കിലും മികച്ച ഒരു സ്‌ക്വാഡിനെ തെരഞ്ഞെടുക്കാന്‍ സാധിക്കാതെ വന്നാല്‍ ഏഷ്യാ കപ്പ് പോലെ ലോകകപ്പും ഇന്ത്യയെ സംബന്ധിച്ച വെള്ളത്തില്‍ വരച്ച വര പോലെ ആവും.

Content Highlight: Reports says Sanju Samson will include in India’s World Cup squad

We use cookies to give you the best possible experience. Learn more