|

സഞ്ജുവിന് മാത്രമല്ല, ആ സൂപ്പര്‍ താരത്തിനും ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്ഥാനമുണ്ടാകില്ല; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫെബ്രുവരിയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഒരു പതിറ്റാണ്ടോളം നീണ്ട കിരീട വരള്‍ച്ചയ്ക്ക് ശേഷം സ്വന്തമാക്കിയ ടി-20 ലോകകപ്പിന് കൂട്ടായി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഷെല്‍ഫിലെത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഒപ്പം ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലടക്കം നേരിട്ട തിരിച്ചടികള്‍ക്കും അപമാനത്തിനും ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലൂടെ മറുപടി നല്‍കാനും രോഹിത്തിനും സംഘത്തിനും സാധിക്കും.

ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനാണെങ്കിലും പാകിസ്ഥാന് പുറത്ത് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മിക്ക ടീമുകളും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഇതിനോടകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവില്‍ ഇന്ത്യയും ആതിഥേയരായ പാകിസ്ഥാനും മാത്രമാണ് തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിക്കാത്തത്. ഇന്ത്യ ഉടന്‍ തന്നെ സ്‌ക്വാഡ് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണ് ഇടം നേടാന്‍ സാധിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പുറമെ വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കരുണ്‍ നായരിനെയും അപെക്‌സ് ബോര്‍ഡ് പരിഗണിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കാത്തതാണ് സഞ്ജുവിന് തിരിച്ചടിയാവുക. ഇന്ത്യ ആഭ്യന്തര മത്സരങ്ങള്‍ക്ക് വീണ്ടും പ്രാധാന്യം കല്‍പിക്കുന്ന സാഹചര്യത്തില്‍ താരം ഡൊമസ്റ്റിക് ലിസ്റ്റ് എ ടൂര്‍ണമെന്റ് കളിക്കാത്തതില്‍ അപെക്‌സ് ബോര്‍ഡിന് അമര്‍ഷമുണ്ട്. എന്തുകൊണ്ട് ടൂര്‍ണമെന്റില്‍ പങ്കെടുത്തില്ല എന്നതില്‍ ബി.സി.സി.ഐ സഞ്ജുവിനോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, വിജയ് ഹസാരെയില്‍ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തുന്ന കരുണ്‍ നായരിനെയും ടീം പരിഗണിക്കാന്‍ സാധ്യതയില്ല.

ഇന്ത്യക്കായി താരം രണ്ട് ഏകദിനത്തില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. 2016 ജൂണ്‍ 13നാണ് താരം ഒടുവില്‍ അന്താരാഷ്ട്ര ഏകദിനം കളിച്ചത്.

എന്നാല്‍ നിലവില്‍ പുരോഗമിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ബാറ്റെടുത്ത ഏഴ് ഇന്നിങ്‌സില്‍ നിന്നും 752 റണ്‍സാണ് താരം സ്വന്തമാക്കിയത്. അഞ്ച് സെഞ്ച്വറിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

ഇരുവര്‍ക്കും ടീമില്‍ സ്ഥാനമുണ്ടായില്ലെങ്കില്‍ രസകരമായ വിരോധാഭാസത്തിനാകും ആരാധകര്‍ സാക്ഷ്യം വഹിക്കുക. വിജയ് ഹസാരെയില്‍ കളിക്കാത്തതിന്റെ പേരില്‍ സഞ്ജുവിന് സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ വരുമ്പോള്‍ അതേ ടൂര്‍ണമെന്റില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ കരുണ്‍ നായരും സ്‌ക്വാഡില്‍ ഇടം നേടാതെ പുറത്തായേക്കും.

Content Highlight: Reports says Sanju Samson and Karun Nair will not be a part of India’s Champions Trophy squad