സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിന്റെ സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെ ക്ലബ്ബ് വിടുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായി നിലനിന്നിരുന്നു. ഇപ്പോഴിതാ മാനെ ഏത് ക്ലബ്ബിലേക്കാണ് പോകുന്നതെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താരം സൗദി ലീഗിലെ തന്നെ മറ്റൊരു ക്ലബ്ബിലേക്ക് തന്നെയാണ് കൂടുമാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്കാണ് സാദിയോ മാനെ പോകുന്നതെന്നാണ് ദി അല്‍ നസര്‍ സോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രാന്‍സ്ഫര്‍ നടക്കുകയാണെങ്കില്‍ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സിമക്കൊപ്പം പന്തുതട്ടാന്‍ സാദിയോ മാനെക്ക് സാധിക്കും.
കഴിഞ്ഞ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നുമാണ് സെനഗല്‍ താരം സൗദിയിലേക്ക് കൂടുമാറിയത്.അല്‍ നസറിനൊപ്പം 46 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ മാനെ 19 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഇതിനോടകം തന്നെ നേടിയിട്ടുള്ളത്. സൗദി വമ്പന്മാര്‍ക്കൊപ്പമുള്ള മാനെയുടെ സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ കാരണം പല സമയങ്ങളിലും ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ താരം നേരിട്ടിരുന്നു.
ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂളിനൊപ്പം അവിസ്മരണീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് മാനെ. ജര്‍മന്‍ പരിശീലകന്‍ യര്‍ഗന്‍ ക്‌ളോപ്പിന്റെ കീഴില്‍ മിന്നും പ്രകടനം നടത്തിക്കൊണ്ടാണ് താരം ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്.
ലിവര്‍പൂളിനായി 269 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 120 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. പിന്നീട് താരം ബയേണിലേക്കും അവിടെ നിന്നും സൗദിയിലേക്കും ചേക്കേറുകയായിരുന്നു.
സൗദിയില്‍ കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്തായിരുന്നു അല്‍ ഇത്തിഹാദ് ഫിനിഷ് ചെയ്തിരുന്നത്. കഴിഞ്ഞ സീസണില്‍ 34 മത്സരങ്ങളില്‍ നിന്നും 16 വിജയവും ആറ് സമനിലയും 12 തോല്‍വിയും അടക്കം 54 പോയിന്റോടെ അല്‍ ഇത്തിഹാദ് തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. അതുകൊണ്ടുതന്നെ സൂപ്പര്‍താരത്തെ ടീമില്‍ എത്തിച്ചുകൊണ്ട് കഴിഞ്ഞ സീസണില്‍ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാന്‍ ആയിരിക്കും അല്‍ ഇത്തിഹാദ് ശ്രമിക്കുക.
ഓഗസ്റ്റ് 24നാണ് അല്‍ ഇത്തിഹാദ് സൗദി ലീഗിലെ പുതിയ സീസണിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുന്നത്. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ ഖുലൂദാണ് അല്‍ ഇത്തിഹാദിന്റെ എതിരാളികള്‍.
Content Highlight: Reports Says Sadio Mane Will Join Al Ithihad