കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ റോണാള്‍ഡൊ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.
അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കാത്ത മാഞ്ചസ്റ്ററില്‍ തുടരാന്‍ താരത്തിന്
താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. എന്നാല്‍ പുതിയ കോച്ചിന്റെ കീഴില്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയായിരുന്നു മാഞ്ചസ്റ്റര്‍. പക്ഷെ റോണോയുടെ മടക്കമോടെ യുണൈറ്റഡിന് വീണ്ടും ഒന്നില്‍ നിന്നും തുടങ്ങണം.
മാഞ്ചസ്റ്റര്‍ പുതിയ താരങ്ങളെയൊന്നും സൈന്‍ ചെയ്യാത്തതാണ് റോണോയെ ക്ലബ്ബ് വിട്ട് പോകാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അദ്ദേഹത്തിന് വേണ്ടി ഒകുപാട് ക്ലബ്ബുകളുമായി ഏജന്റ് സംസാരിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്.
യുണൈറ്റഡ് വിടാന്‍ തയ്യാറെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ സാധ്യതയുള്ള ക്ലബുകളില്‍ ബാഴ്സലോണയുമുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബാഴ്സലോണ പ്രസിഡന്റ് യോന്‍ ലപോര്‍ട്ടയും റൊണാള്‍ഡോയുടെ ഏജന്റായ ജോര്‍ജ് മെന്‍ഡസും തമ്മില്‍ നടത്തിയ ട്രാന്‍സ്ഫര്‍ ചര്‍ച്ചകളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരും ഉയര്‍ന്നു വന്നുവെന്ന് സ്പാനിഷ് മാധ്യമം ഡിയാരിയോ എ.എസാണ് റിപ്പോര്‍ട്ടു ചെയ്തത്.
പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ജോര്‍ജ് മെന്‍ഡസിന്റെ കക്ഷികളായ ബെര്‍ണാര്‍ഡോ സില്‍വ, റൂബന്‍ നെവസ്, റാഫ ലിയോ എന്നിവരെപ്പറ്റി ചര്‍ച്ച നടത്തുന്നതിന്റെ കൂടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാഹചര്യവും വിലയിരുത്തപ്പെട്ടത്. ബാഴ്സലോണയില്‍ താരത്തെ എത്തിക്കാനുള്ള സാധ്യത രണ്ടു പേരും സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ സമ്മറില്‍ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ ലപോര്‍ട്ട ശ്രമിച്ചിരുന്നു. യുവന്റസ് വിട്ട താരത്തിനായി ശ്രമം നടത്താന്‍ ബാഴ്സലോണക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ടീമിന്റെ സാമ്പത്തികപ്രതിസന്ധി കാരണം അത് നടക്കാതെ പോകുകയായിരുന്നു. എന്നാല്‍ നിലവില്‍ ബാഴ്സ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള പദ്ധതികള്‍ കൃത്യമായി നടപ്പാക്കിയാണ് ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഇറങ്ങിയിരിക്കുന്നത്.
അതേസമയം റൊണാള്‍ഡോ ബാഴ്സലോണയുടെ ഏറ്റവും പ്രധാന ലക്ഷ്യമാകാനുള്ള സാധ്യത കുറവാണ്. ബയേണ്‍ മ്യൂണിക്ക് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കു വേണ്ടിയാണ് ക്ലബ് ശ്രമം തുടരുന്നത്. എന്നാല്‍ ബയേണ്‍ പോളിഷ് സ്ട്രൈക്കറെ വിട്ടുകൊടുക്കാന്‍ മടി കാണിക്കുന്നതിനാല്‍ അതിനു പകരമെന്ന നിലയിലാവും റൊണാള്‍ഡോയെ ബാഴ്സ പരിഗണിക്കുക.