ജൂണ്‍ രണ്ട് മുതല്‍ ആരംഭിക്കുന്ന ടി-20 ലോകകപ്പിന്റെ ആവേശത്തിലാണ് ആരാധകര്‍. 20 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ച് പടയൊരുക്കം തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് അത്ര ആശ്വാസമോ ആവേശമോ നല്‍കുന്നതല്ല.
ഈ ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ അന്താരാഷ്ട്ര ടി-20യില്‍ നിന്നും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദൈനിക് ജാഗരണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐ.പി.എല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഹര്‍ദിക് പാണ്ഡ്യയെ ടി-20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതും ഉപനായക സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ തുടര്‍ച്ചയായാണ് രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഈ വര്‍ഷത്തെ ടി-20 ലോകകപ്പിനുള്ള ടീമില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ലെങ്കിലും, ബാഹ്യസമ്മര്‍ദമാണ് മറിച്ചൊരു തീരുമാനത്തിലേക്ക് ഇവരെ നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകകപ്പ് സ്‌ക്വാഡില്‍ ഹര്‍ദിക്ക് വേണ്ടെന്ന നിലപാടിലായിരുന്നു രോഹിത്തും അഗാര്‍ക്കറും. ഒടുവില്‍ സമ്മര്‍ദത്തിനു വഴങ്ങിയാണ് താരത്തെ ടീമിലെടുത്തതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
ഐ.പി.എല്ലിന്റെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായാണ് ഹര്‍ദിക് അവരോധിക്കപ്പെട്ടത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരിക്കെ കോടികളെറിഞ്ഞ് താരത്തെ വാംഖഡെയിലെത്തിക്കുകയും രോഹിത്തിനെ മറികടന്ന് താരത്തെ ക്യാപ്റ്റനാക്കുകയും ചെയ്താണ് മുംബൈ പടയൊരുക്കിയത്. എന്നാല്‍ പാളയത്തില്‍ പടയെന്നോണമായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ അവസ്ഥ.
ആരാധകരുടെ എതിര്‍പ്പിന് പുറമെ ടീമിനുള്ളില്‍ തന്നെ ഹര്‍ദിക്കിനെതിരെ മുറുമുറുപ്പുകള്‍ ഉയര്‍ന്നിരുന്നു. താരത്തിന്റെ പ്രവൃത്തിയും ഇതിന് ആക്കം കൂട്ടി. ആദ്യ മത്സരങ്ങളില്‍ കളിത്തിലിറങ്ങിയ ഹര്‍ദിക്കിനെ മുംബൈ ആരാധകര്‍ തന്നെ കൂവിവിളിച്ചിരുന്നു.
ഐ.പി.എല്ലില്‍ മുംബൈയുടെ നായകനായുള്ള ഹാര്‍ദിക്കിന്റെ അരങ്ങേറ്റം ഏവരെയും പാടെ നിരാശപ്പെടുത്തി. കഴിഞ്ഞ രണ്ട് സീസണിലും ഹര്‍ദിക് നയിച്ച ടീം ആദ്യം പ്ലേ ഓഫിലെത്തിയപ്പോള്‍ ഈ സീസണില്‍ താരം നയിച്ച മുംബൈ ആദ്യം പുറത്താകുന്ന ടീമായും മാറിയിരുന്നു. ഓള്‍ റൗണ്ടറെന്ന നിലയില്‍ താരത്തിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു.
മോശം ഫോമിലുള്ള ഹര്‍ദിക് ലോകകപ്പ് ടീമില്‍ ഉണ്ടാകില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ടീമില്‍ സ്ഥാനം പിടിച്ചതിനപ്പുറം ടീമിന്റെ വൈസ് ക്യാപ്റ്റനാവുകയും ചെയ്തിരുന്നു. താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ തോതിലുള്ള വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഇതിനെല്ലാം പുറമേയാണ്, ബാഹ്യ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഹര്‍ദിക്കിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന വെളിപ്പെടുത്തല്‍. രോഹിത്തിന് ശേഷം ഹര്‍ദിക്കിനെ ടീമിന്റെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള അപെക്‌സ് ബോര്‍ഡിന്റെ നീക്കമാണ് ഇതിന് കാരണമെന്നാണ് ആരാധകര്‍ പറയുന്നത്.
Content Highlight: Reports says Rohit Sharma will retire from T20 format after T20 World Cup