വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇത്തവണ ഓസ്‌ട്രേലിയയാണ് പരമ്പരക്ക് വേദിയാകുന്നത്. കാലങ്ങള്‍ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ പരമ്പരയായി ബി.ജി.ടി നടക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ പോരാട്ടത്തിനുണ്ട്.
എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരത്തിലോ രണ്ടാം മത്സരത്തിലോ നായകന്‍ രോഹിത് ശര്‍മയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകില്ല. പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
തന്റെ അഭാവത്തെ കുറിച്ച് രോഹിത് ഇതിനോടകം തന്നെ അപെക്‌സ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
‘ഇതിന്റെ കാരണം എന്താണെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. വ്യക്തിപരമായ കാരണമാണെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. പരമ്പരയിലെ ആദ്യ മത്സരങ്ങളിലൊന്ന് അദ്ദേഹത്തിന് നഷ്ടപ്പെട്ടേക്കാം,’ പേര് വെളിപ്പെടുത്താത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.
ബംഗ്ലാദേശിനെതിരെ നടന്ന രണ്ട് മത്സരങ്ങളുടെ പരമ്പര വിജയിച്ചാണ് ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ കളിക്കും.
2020-21ലാണ് ഇതിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ചിരുന്നു.
ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.