Sports News
മുംബൈ കൈവിട്ടാലും ഇന്ത്യ അത് ചെയ്യുമെന്ന് കരുതുന്നോ? രോഹിത്തിനെ ചേര്‍ത്തുപിടിക്കാന്‍ ഇന്ത്യ, നായകനായി തുടരും; റിപ്പോര്‍ട്ട്
മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍സിയേല്‍പിച്ചതായിരുന്നു ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.
മുംബൈയെ പല തവണ ഐ.പി.എല്ലിന്റെ കിരീടമണിച്ച രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ ആരാധകരും കട്ട കലിപ്പിലായിരുന്നു. മുംബൈ ഇന്ത്യന്‍സിനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അണ്‍ ഫോളോ ചെയ്തുകൊണ്ടായിരുന്നു ആരാധകര്‍ അവരുടെ പ്രതിഷേധമറിയിച്ചത്.
മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വരികയാണെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പില്‍ രോഹിത് ശര്‍മ തന്നെയകും ഇന്ത്യയെ നയിക്കുക എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം ആ ഫ്രാഞ്ചൈസിയുടേത് മാത്രമാണെന്നും അതൊരിക്കലും ഇന്ത്യയെ ബാധിക്കില്ലെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
‘രോഹിത്തിനെ ടി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതായി ബി.സി.സി.ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി മാറ്റം ആ ഫ്രാഞ്ചൈസിയുടെ മാത്രം തീരുമാനമാണ്. അതൊരിക്കലും ഇന്ത്യന്‍ ടീമിനെ ബാധിക്കേണ്ട വസ്തുതയല്ല,’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ദൈനിക് ജാഗരണിനോട് പറഞ്ഞു.
ടി-20 ലോകകപ്പില്‍ രോഹിത് തന്നെ നയിക്കുന്നത് സംബന്ധിച്ച് സെലക്ടര്‍മാര്‍ക്കും പരിശീലകര്‍ക്കും ഇടയില്‍ ധാരണയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ടി-20 ഫോര്‍മാറ്റിലെ രോഹിത് ശര്‍മയുടെ കരിയര്‍ അവസാനിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ഇതിനിടെ രോഹിത് ശര്‍മ 2024 ലോകകപ്പ് കളിക്കുമെന്ന് ആരാധകരോട് പറയുന്ന വീഡിയോയും വൈറലായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ ക്രിക് കിങ്ഡം അക്കാദമിയുടെ ലോഞ്ചിനിടെയുള്ള രോഹിത്തിന്റെ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ കളിക്കുമോ എന്ന ചോദ്യത്തിനാണ് രോഹിത് മറുപടി നല്‍കിയത്. 2024ല്‍ വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിനെ കുറിച്ചാണ് രോഹിത് സംസാരിച്ചത്.
‘വെറുതെ ചെന്ന് ആസ്വദിക്കുക എന്നതിലുപരി, ഇവിടെ (യു.എസ്.എയില്‍) വരാന്‍ മറ്റൊരു വലിയ കാരണമുണ്ട്. ലോകകപ്പാണ് വരുന്നതെന്ന് നിങ്ങള്‍ക്കറിയാം. അടുത്ത വര്‍ഷം ജൂണില്‍, ലോകത്തിന്റെ ഈ ഭാഗത്തായി ടി-20 ലോകകപ്പ് നടക്കും. ഇതില്‍ എല്ലാവരും ആവേശഭരിതരാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ലോകകപ്പിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍,’ എന്നാണ് രോഹിത് പറഞ്ഞത്.
2022 ടി-20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയാണ് രോഹിത് അവസാനമായി ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ബാറ്റേന്തിയത്.
ഇന്ത്യക്കായി 2007ല്‍ ടി-20യില്‍ അരങ്ങേറിയ രോഹിത് ശര്‍മ 148 മത്സരങ്ങളില്‍ നിന്നും 3,853 റണ്‍സാണ് നേടിയിട്ടുള്ളത്. 29 അര്‍ധ സെഞ്ച്വറികളും നാല് സെഞ്ച്വറികളും ടി-20യില്‍
രോഹിത് സ്വന്തമാക്കിയിട്ടുണ്ട്.
Content highlight: Reports says Rohit Sharma will captain India in 2024 T20 World Cup