| Wednesday, 28th December 2022, 3:30 pm

സഞ്ജുവിനെ ടീമിലെടുക്കണമെന്ന് സെലക്ടര്‍മാര്‍, പറ്റില്ലെന്ന് ക്യാപ്റ്റന്‍; മറ്റൊരു താരത്തിന് വേണ്ടി സഞ്ജുവിനെ പുറത്താക്കിയത് രോഹിത് ശര്‍മ; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ-ശ്രീലങ്ക പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.

സീനിയര്‍ താരങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ഇന്ത്യ ടി-20 സ്‌ക്വാഡ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി എന്നിവരൊന്നും ടി-20 സ്‌ക്വാഡില്‍ ഇടം കണ്ടെത്തിയില്ല, എങ്കിലും മൂവരും ഏകദിന സ്‌ക്വാഡില്‍ ഇടം നേടിയിരുന്നു.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും പരമ്പരയുടെ ഭാഗമാകുന്നുണ്ട്. ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിലാണ് താരം ഉള്‍പ്പെട്ടത്. ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ഫിഫ്റ്റി ഓവര്‍ ഫോര്‍മാറ്റില്‍ മികച്ച ട്രാക്ക് റെക്കോഡ് ഉണ്ടായിരുന്നിട്ടും സഞ്ജുവിനെ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

സഞ്ജുവിനെ ഒ.ഡി.ഐ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ടി-20 സ്‌ക്വാഡിന് പുറമെ ഏകദിന സ്‌ക്വാഡിലും സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ രോഹിത് ശര്‍മയുടെ പിടിവാശി കാരണം അത് നടക്കാതെ പോവുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഫോം ഔട്ടായ കെ.എല്‍. രാഹുലിന് പകരം സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ രോഹിത് ശര്‍മ ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ കായിക മാധ്യമമായ ക്രിക്കറ്റ് അഡിക്ടറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെലക്ടര്‍മാര്‍ സഞ്ജുവിന് വേണ്ടി വാദിച്ചിരുന്നുവെങ്കിലും രോഹിത് ശര്‍മ കടുംപിടുത്തം തുടര്‍ന്നതോടെ സഞ്ജു സ്‌ക്വാഡില്‍ നിന്നും പുറത്താവുകയായിരുന്നു.

നേരത്തെ താന്‍ സഞ്ജുവിനെ പിന്തുണക്കുമെന്ന് രോഹിത് ശര്‍മ അറിയിച്ചിരുന്നു. എന്നാല്‍ രോഹിത്തിന്റെ പിന്തുണക്ക് ശേഷവും ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇടം നേടാന്‍ സഞ്ജുവിന് സാധിക്കാതെ വരികയായിരുന്നു.

ജനുവരി മൂന്നിനാണ് ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദി.

ഇന്ത്യ ടി-20 സ്‌ക്വാഡ്

ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ,രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.

ഇന്ത്യ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ് ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.

Content Highlight: Reports says Rohit Sharma is the reason behind Sanju’s dismissal from the team

We use cookies to give you the best possible experience. Learn more