കഴിഞ്ഞ ദിവസമായിരുന്നു ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഫാന്‍ ഫേവറിറ്റായ പലതാരങ്ങളും സ്‌ക്വാഡിന് പുറത്തായിരുന്നു. ഇവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും സമീപകാലത്ത് അത്രകണ്ട് മികച്ച പ്രകടനം പുറത്തെടുക്കാത്ത താരങ്ങളെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫാന്‍ ഫേവറിറ്റായ സഞ്ജുവിനെയും മുഹമ്മദ് ഷമിയെയും ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ ഏറെ കലിപ്പിലായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസറായ മുഹമ്മദ് ഷമിയെ പുറത്തിരുത്തിയത് ആരാധകരില്‍ കുറച്ചൊന്നുമല്ല അമ്പരപ്പുണ്ടാക്കിയത്.
ഹര്‍ഷ ഭോഗ്ലെയടക്കം ബി.സി.സി.ഐയുടെ ഈ നടപടിക്കെതിരെ പ്രതികരിച്ചിരുന്നു.
എന്നാല്‍ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും ഇതിന് വിലങ്ങുതടിയായതോടെയാണ് ഷമി സ്റ്റാന്‍ഡ് ബൈ താരമായി ഒതുങ്ങിപ്പോയത്.
ഷമിയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തരുതെന്നും പകരം ആര്‍. അശ്വിനെ സ്‌ക്വാഡിലേക്ക് പരിഗണിക്കണമെന്ന കോച്ചിന്റെയും ക്യാപ്റ്റന്റെയും കടുംപിടുത്തമാണ് ഷമിക്ക് വിനയായതെന്നും ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷമിയെ തന്നെ വേണം ടീമില്‍ ഉള്‍പ്പെടുത്താനെന്ന് സെലക്ടര്‍മാര്‍ പറയുമ്പോഴും ഇരുവരുടെയും വാശി കാരണമാണ് താരം സ്‌ക്വാഡില്‍ നിന്നും പുറത്തായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അശ്വിന്റെ ബൗളിങ് വെറൈറ്റിയാണ് രാഹുല്‍ ദ്രാവിഡിനെ ഇംപ്രെസ് ചെയ്തതെന്നും ഇതുകാരണമാണ് രാഹുല്‍ അശ്വിന് വേണ്ടി വാദിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
‘ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ് ഷമി സ്റ്റാന്‍ഡ് ബൈ താരമായി ടീമില്‍ ഉള്‍പ്പെട്ടത്,’ മുന്‍ സെലക്ടറായ സാബാ കരീം പറയുന്നു.
ടി-20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടി-20 പരമ്പരയില്‍ ഷമി ഇടം പിടിച്ചിട്ടുണ്ട്.
അത്രകണ്ട് മികച്ച ബൗളിങ് നിരയല്ല ലോകകപ്പ് സ്‌ക്വാഡിലേത് എന്ന വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും ഫിറ്റ്‌നെസ്സും അശ്വന്‍ ടി-20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ജസ്പ്രീത് ബുംറ തന്നെയായിരിക്കും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുക. താരത്തിന് പുറമെ പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാറും യുവതാരം അര്‍ഷ്ദീപും ഹര്‍ഷല്‍ പട്ടേലും അണിനിരക്കും. അശ്വിനും ചഹലുമാകും ഇന്ത്യയുടെ സ്പിന്‍ നിരയെ നയിക്കാനുണ്ടാവുക.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ബി. കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.
സ്റ്റാന്‍ഡ്‌ബൈ പ്ലയേഴ്‌സ് – മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചഹര്‍.
Content highlight: Reports says Rohit and Dravid opposed Shami’s inclusion in T20 World Cup squad