ബാഴ്സലോണയുടെ പോളിഷ് സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി മേജര്‍ സോക്കര്‍ ലീഗിലേക്ക് പോവുമെന്ന് റിപ്പോര്‍ട്ടുകള്‍.
ടുട്‌നുസ റിപ്പോര്‍ട്ട് പ്രകാരം ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ലെവന്‍ഡോസ്‌കിയെ സൈന്‍ ചെയ്യാന്‍ നിരവധി എം.എല്‍.എസ് ക്ലബ്ബുകള്‍ ശ്രമിക്കുന്നുണ്ടെന്നാണ് പറയുന്നത്.
നേരത്തേ ഈ സീസണില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി എം.എല്‍.എസിലേക്ക് ചേക്കേറിയിരുന്നു. മെസിക്ക് പിന്നാലെ ബാഴ്സ താരങ്ങളായ സെര്‍ജിയോ ബസ്‌ക്വറ്റ്‌സും ജോഡി ആല്‍ബയും മയാമിയില്‍ എത്തിയിരുന്നു.
സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയോടൊപ്പം പോളണ്ട് താരത്തിന് 2026 വരെ കരാര്‍ ഉണ്ട്. എന്നാല്‍ ഈ പ്രായത്തിലും മിന്നും പ്രകടനം കാഴ്ചവെക്കുന്ന ലെവന്‍ഡോസ്‌ക്കിയെ പോലുള്ള താരത്തെ ഏത് ടീമും സ്വന്തമാക്കാന്‍ ശ്രമിക്കും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
സെപ്റ്റംബറില്‍ നടന്ന അഭിമുഖത്തില്‍ ലെവന്‍ഡോസ്‌ക്കി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
‘എം.എല്‍.എസ് എന്ന ആശയം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് എങ്ങനെയൊ മാറി,’ ലെവന്‍ഡോസ്‌കി പറഞ്ഞു.
2022ലാണ് ലെവന്‍ഡോസ്‌കി ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നും ബാഴ്സയിലെത്തുന്നത്. ഈ സീസണില്‍ ബാഴ്സക്കായി പത്ത് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്.
നിലവില്‍ ലാ ലിഗയില്‍ 12 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും അടക്കം 27 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്സ. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഷാക്തര്‍ ഡോണെസ്റ്റ്ക്‌സിനെതിരെയാണ് ബാഴ്സയുടെ മത്സരം.
Content Highlight: Reports says Robert Lewandowski will move to MLS in 2024.