മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിനും സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ സ്വീഡിഷ് ഇന്റര്‍നാഷണല്‍ വിക്ടര്‍ ഗ്യോക്കറസിനെയും ടീമിലെത്തിക്കരുതെന്ന് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സലോണ പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ടയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. എല്‍ നാഷണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബാഴ്‌സയുടെ ലക്ഷ്യങ്ങളോടുള്ള തന്റെ പ്രതിബദ്ധത അറിയിച്ച താരം ടീമിനൊപ്പം ഇനിയും മത്സരങ്ങള്‍ കളിക്കാനും ബാഴ്‌സയെ മുന്നോട്ട് നയിക്കാനും തനിക്ക് സാധിക്കുമെന്നും ലാപോര്‍ട്ടയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പുതിയ സീസണില്‍ മികച്ച ഫോമിലാണ് ലെവന്‍ഡോസ്‌കി ബാഴ്‌സക്കായി ഗോളടിച്ചുകൂട്ടുന്നത്. തന്റെ പ്രൈമിനെ ഓര്‍മിപ്പിക്കുന്ന പ്രകടനമാണ് പോളിഷ് ഗോളടിയന്ത്രം പുറത്തെടുക്കുന്നത്.
14 ഗോളുമായി ലാ ലിഗ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന താരം സീസണില്‍ ടീമിനായി കളത്തിലിറങ്ങിയ 17 മത്സരത്തില്‍ നിന്ന് 19 ഗോളും രണ്ട് അസിസ്റ്റും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
റഫീന്യക്കും ലാമിന്‍ യമാലിനുമൊപ്പം ലെവന്‍ഡോസ്‌കി മികച്ച പ്രകടനം നടത്തുകയും ഗോളടിച്ചുകൂട്ടുകയും ചെയ്യുന്നുണ്ടെങ്കിലും ടീമിന്റെ മുന്നേറ്റ നിര മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ബാഴ്‌സ. ഇതിനായി ടീം ആദ്യം പരിഗണിച്ചതാകട്ടെ എര്‍ലിങ് ഹാലണ്ടിനെയും.
യുവേഫ ചാമ്പ്യന്‍സ് ട്രോഫിയില്‍ റയല്‍ മാഡ്രിഡിനെതിരെ ഹാട്രിക് നേടിയതിന് പിന്നാലെയാണ് വിക്ടര്‍ ഗ്യോക്കറസ് ബാഴ്‌സയടക്കമുള്ള നിരവധി വമ്പന്‍മാരുടെ കണ്ണില്‍പ്പെട്ടത്. സ്പീഡും സ്‌കില്ലും ഒരുപോലെ ഒത്തിണങ്ങിയ ഗ്യോക്കറസിനെ സ്വന്തമാക്കുന്ന ഏത് ടീമിന്റെയും മുന്നേറ്റം കൂടുതല്‍ ശക്തമാകും എന്നത് തന്നെയാണ് കറ്റാലന്‍മാര്‍ ഗ്യോക്കറസിനെയും തങ്ങളുടെ റഡാറിന്റെ ഭാഗമാക്കിയത്.
എന്നാല്‍ ലെവന്‍ഡോസ്‌കിയുടെ വാക്കുകള്‍ക്ക് പിന്നാലെ ലപോര്‍ട്ട ടീമിന്റെ മധ്യനിരയും പ്രതിരോധനിരയും കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അടിയന്തര നീക്കങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും എല്‍ നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ 24നാണ് ലാലിഗയില്‍ ബാഴ്‌സലോണയുടെ അടുത്ത മത്സരം. എസ്റ്റാഡിയോ ഡി ബാലഡോസില്‍ നടക്കുന്ന മത്സരത്തില്‍ സെല്‍റ്റ വിഗോയാണ് എതിരാളികള്‍. 13 മത്സരത്തില്‍ നിന്നും അഞ്ച് ഗോളുമായി 11ാം സ്ഥാനത്താണ് സെല്‍റ്റ വിഗോ.
Content Highlight: Reports says Robert Lewandowski tells Joan Laporta not to sign Viktor Gyokeres or Erling Haaland