| Saturday, 20th July 2024, 3:08 pm

ധോണി പോയാലും ചെന്നൈ വീഴില്ല, 2025ൽ പകരമെത്തുന്നത് അടാർ ഐറ്റം; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിടുമെന്നും പുതിയ ടീമില്‍ ചേരുമെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.

ഇപ്പോഴിതാ 2025 ഐ.പി.എല്ലില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന്റെ ടീം മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഏറെ ശ്രദ്ധനേടുന്നത്.  2025ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ട് പന്ത് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ സീസണില്‍ എം.എസ് ധോണിക്ക് പകരക്കാരനായി ചെന്നൈ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പന്തിനെ എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് ചെന്നൈയില്‍ നിന്നുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

2021ല്‍ ശ്രേയസ് അയ്യറിന് പകരക്കാരനായാണ് പന്ത് ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. 2022ല്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് താരത്തിന് 2023 ഐ.പി.എല്‍ പൂര്‍ണമായും നഷ്ടമാവുകയായിരുന്നു.

പിന്നീട് 2024ല്‍ പന്ത് വീണ്ടും ദല്‍ഹിയുടെ നായക സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ പന്തിന്റെ കീഴില്‍ 14 മത്സരങ്ങളില്‍ നിന്നും ഏഴ് വീതം വിജയവും തോല്‍വിയുമായി 14 പോയിന്റുമായി ആറാം സ്ഥാനത്തായിരുന്നു ദല്‍ഹി ഫിനിഷ് ചെയ്തത്. ബാറ്റിങ്ങിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു പന്ത് നടത്തിയത്. 13 മത്സരങ്ങളില്‍ നിന്നും 446 റണ്‍സാണ് താരം കഴിഞ്ഞ ഐ.പി.എല്ലില്‍ അടിച്ചെടുത്തത്. 40.54 ആവറേജിലും 155.40 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

അതേസമയം ധോണി 2024 ഐ.പി.എല്‍ തുടങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു ധോണി ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് നല്‍കിയത്. ഗെയ്ക്വാദിന്റെ കീഴില്‍ 14 മത്സരങ്ങള്‍ കളിച്ച ചെന്നൈ ഏഴ് തോല്‍വിയും ജയവും അടക്കം 14 പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.

വരാനിരിക്കുന്ന സീസണില്‍ ധോണി ചെന്നൈയുടെ ഭാഗമാകുമോ എന്ന് ഇതുവരെ താരം സ്ഥിരീകരിച്ചിട്ടില്ല. 2008 മുതല്‍ 2023 വരെ ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമായിരുന്നു ധോണി. എന്നാല്‍ 2013ല്‍ മാച്ച് ഫിക്സിങ് വിവാദത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം ചെന്നൈക്ക് വിലക്ക് നേരിടേണ്ടിവന്ന സാഹചര്യത്തില്‍ മാത്രമാണ് ധോണിക്ക് മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കേണ്ടി വന്നത്.

2022ല്‍ ഇന്ത്യന്‍ സ്റ്റാര്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് ധോണി ചെന്നൈയുടെ നായകസ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ജഡേജക്ക് കീഴില്‍ നിരാശാജനകമായ പ്രകടനം ആയിരുന്നു ചെന്നൈ നടത്തിയത്. ഇതിന് പിന്നാലെ എട്ടു മത്സരങ്ങള്‍ക്ക് ശേഷം വീണ്ടും ധോണി ചെന്നയുടെ ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കുകയായിരുന്നു.

ചെന്നൈക്കായി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണി നേടികൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലായിരുന്നു ചെന്നൈ കിരീടം നേടിയത്. 2010, 2014 ചാമ്പ്യന്‍ ട്രോഫിയിലും ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ കിരീടം സ്വന്തമാക്കിയിരുന്നു.

Content Highlight: Reports Says Rishabh Pant Will Join CSK For The Replacement Of M.S Dhoni

We use cookies to give you the best possible experience. Learn more