ഐ.സി.സി ടി-20 വേള്‍ഡ് കപ്പിന് കളമൊരുങ്ങുകയാണ്. ഐ.പി.എല്ലിന് ശേഷം ജൂണ്‍ ഒന്ന് മുതലാണ് ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മറ്റ് ടി-20 മാച്ചുകളോ പരമ്പരകളോ ഒന്നും തന്നെയില്ലാത്തതിനാല്‍ ഐ.പി.എല്ലിലെ പ്രകടനം മാത്രം അടിസ്ഥാനപ്പെടുത്തിയായിരിക്കും ടീം സെലക്ട് ചെയ്യുക.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദല്‍ഹി നായകനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷബ് പന്ത് ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടേക്കും. പ്രമുഖ കായികമാധ്യമമായ ക്രിക് ബസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പന്ത് ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ താരത്തെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയ സാഹചര്യത്തില്‍ പന്തിന് ലോകകപ്പ് ടീമില്‍ ഇടമുണ്ടാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
ഐ.പി.എല്ലില്‍ നിരവധി വിക്കറ്റ് കീപ്പര്‍മാരാണ് ലോകകപ്പിലെ ഇന്ത്യന്‍ ജേഴ്‌സി ലക്ഷ്യം വെക്കുന്നത്. പന്തിന് പുറമെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, പഞ്ചാബ് കിങ്‌സിന്റെ ജിതേഷ് ശര്‍മ, പ്രഭ്‌സിമ്രാന്‍ സിങ്, മുംബൈ ഇന്ത്യന്‍ സൂപ്പര്‍ താരം ഇഷാന്‍ കിഷന്‍, രാജസ്ഥാന്റെ തന്നെ ധ്രുവ് ജുറെല്‍ എന്നിവരടക്കം നിരവധി വിക്കറ്റ് കീപ്പിങ് ഓപ്ഷനുകള്‍ ബി.സി.സി.ഐക്ക് മുമ്പിലുണ്ടെങ്കിലും പന്തിനെ തന്നെയാകും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത.
മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ.എല്‍. രാഹുലാകും ടീമിലെത്തുക.
ഈ റിപ്പോര്‍ട്ടിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റ് പിച്ചില്‍ നിന്നും ഏറെ നാളുകള്‍ വിട്ടുനിന്ന പന്തിനെക്കാള്‍ യോഗ്യത സഞ്ജുവടക്കമുള്ള മറ്റ് താരങ്ങള്‍ക്കുണ്ടെന്നും ഇത് പന്തിന് ലഭിക്കുന്ന പ്രിവിലേജാണെന്നുമാണ് ആരാധകര്‍ പറയുന്നത്.
ഇതിന് പുറമെ വിരാട് കോഹ്‌ലി ലോകകപ്പ് ടീമുലുണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജൂണ്‍ ഒന്നിനാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും ജയിച്ചെത്തിയ കാനഡയെയാണ് ആദ്യ മത്സരത്തില്‍ നേരിടുന്നത്. ഡാല്ലസാണ് വേദി.
ലോകകപ്പില്‍ ജൂണ്‍ അഞ്ചിനാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍.
നാല് ദിവസങ്ങള്‍ക്ക് ശേഷം അതേ വേദിയില്‍ ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരവും നടക്കും. 2022ല്‍ മെല്‍ബണില്‍ നടന്ന ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.
അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ ലോകകപ്പിന്റെ ആതിഥേയരായതോടെ നേരിട്ട് യോഗ്യത നേടിയിരുന്നു.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു.
അയര്‍ലന്‍ഡും സ്‌കോട്‌ലാന്‍ഡും യൂറോപ്യന്‍ ക്വാളിഫയര്‍ ജയിച്ച് സ്ഥാനമുറപ്പിച്ചപ്പോള്‍ ഏഷ്യന്‍ ക്വാളിഫയേഴ്സ് ജയിച്ച് നേപ്പാളും ഒമാനും ലോകകപ്പിന് യോഗ്യത നേടി.
ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയറില്‍ നിന്നും പപ്പുവാ ന്യൂഗിനിയയും അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും കാനഡയുമാണ് ലോകകപ്പിനെത്തുക.
Co9ntent Highlight: Reports says Rishabh Pant will be part of Indian squad for T20 World Cup