| Tuesday, 9th July 2024, 1:01 pm

റൊണാൾഡോയുടെ രക്ഷകനെ റാഞ്ചാൻ റയൽ മാഡ്രിഡ്; യൂറോകപ്പിന്റെ ചരിത്രത്തിലെ ആദ്യ താരം സ്പെയിനിലേക്ക്?

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റയെ സ്വന്തമാക്കാന്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എ.എസിന്റെ റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് ലോസ് ബ്ലാങ്കോസിന്റെ ഫസ്റ്റ് ചോയ്‌സ് ഗോള്‍ കീപ്പറായി ഡീഗോ കോസ്റ്റയെ ഏജന്റ് ആയ ജോര്‍ജ്ജ്‌മെന്റ് പരിഗണിക്കുന്നുണ്ടെന്നാണ് പറയുന്നത്.

2024 യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്റെ ഗോള്‍മുഖത്ത് മിന്നും പ്രകടനമായിരുന്നു കോസ്റ്റ നടത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെനാല്‍ട്ടിയില്‍ പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ യൂറോ കപ്പില്‍ നിന്നും പുറത്തായത്.

നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ 5-3 എന്ന സ്‌കോര്‍ ലൈനില്‍ പറങ്കിപ്പടയെ വീഴ്ത്തിയാണ് ഫ്രാന്‍സ് സെമിഫൈനലിലേക്ക് മുന്നേറിയത്.

പുറത്തായെങ്കിലും ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ഒരു ചരിത്രനേട്ടത്തിന്റെ തലയെടുപ്പോടുകൂടിയാണ് കോസ്റ്റ 2024 യൂറോകപ്പില്‍ നിന്നും മടങ്ങിയത്. പ്രീ ക്വാര്‍ട്ടറില്‍ സ്ലൊവേനിയക്കെതിരെയുള്ള മത്സരത്തില്‍ മൂന്ന് പെനാല്‍ട്ടി കിക്കുകള്‍ അനായാസമായി രക്ഷപ്പെടുത്തി കൊണ്ടാണ് കോസ്റ്റ ശ്രദ്ധ നേടിയത്.

ഇതിന് പിന്നാലെ യൂറോകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ തുടര്‍ച്ചയായ മൂന്ന് കിക്കുകള്‍ സേവ് ചെയ്യുന്ന ആദ്യ ഗോള്‍കീപ്പര്‍ എന്ന നേട്ടവും കോസ്റ്റ സ്വന്തമാക്കിയിരുന്നു. ഈ യൂറോ കപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് ക്ലീന്‍ ഷീറ്റുകള്‍ ആണ് താരം സ്വന്തം പേരില്‍ കുറിച്ചത്.

നിലവില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ്.സി പോര്‍ട്ടോയുടെ താരമാണ് ഡീഗോ കോസ്റ്റ. പോർട്ടോക്കൊപ്പം 232 മത്സരങ്ങളില്‍ കളിച്ച താരം 90 ക്ലീന്‍ ഷീറ്റുകളാണ് നേടിയിട്ടുള്ളത്.

പോര്‍ച്ചുഗീസ് ഗോള്‍ കീപ്പര്‍ റയല്‍ മാഡ്രിഡിന്റെ തട്ടകത്തിലെത്തുകയാണെങ്കില്‍ സ്പാനിഷ് ക്ലബ്ബിനൊപ്പം പന്തു തട്ടുന്ന നാലാമത്തെ പോര്‍ച്ചുഗീസ് താരമായി മാറാനും കോസ്റ്റക്ക് സാധിക്കും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പെപ്പെ, ലൂയിസ് ഫിഗോ എന്നീ താരങ്ങളാണ് ഇതിനുമുമ്പ് റയല്‍ മാഡ്രിഡിനായി കളിച്ച പോര്‍ച്ചുഗീസ് താരങ്ങള്‍.

Content Highlight: Reports Says Real Madrid Want to Sign Diego Costa

We use cookies to give you the best possible experience. Learn more