| Sunday, 10th September 2023, 8:13 pm

ഞെട്ടിക്കാനൊരുങ്ങി റയല്‍; ബെന്‍സെമക്ക് പകരക്കാരന്‍ മെസിയുടെ പിന്‍ഗാമി; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ടീം വിട്ട കരീം ബെന്‍സെമെക്ക് പകരക്കാരനായി റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ യുവതാരം ജൂലിയന്‍ അല്‍വാരസിനെ ടീമിലെത്തിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടീം ടോക്കിനെ ഉദ്ധരിച്ച് ഗോളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സമ്മറിലാണ് കരീം ബെന്‍സെമ റയല്‍ വിട്ട് സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദുമായി കരാറിലെത്തുന്നത്. 2018ല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതിന് പിന്നാലെ ലോസ് ബ്ലാങ്കോസിന്റെ മുന്നേറ്റ നിരയുടെ നായകന്‍ ബെന്‍സെമയായിരുന്നു.

റയലിന്റെ ചരിത്രത്തില്‍ ടീമിനായി ഏറ്റവുമധികം ഗോള്‍ നേടിയ രണ്ടാമത് താരമാണ് കരീം ബെന്‍സെമ. 14 സീസണുകളിലായി 354 തവണയാണ് താരം റയലിനായി എതിരാളികളുടെ വല കുലുക്കിയത്.

ബെന്‍സെമയുടെ വിടവ് നികത്താന്‍ റയല്‍ ഏറെ പരിശ്രമിച്ചിരുന്നു. എസ്പാന്യോളില്‍ നിന്നും ലോണിലെത്തിച്ച ഹോസെലു മാറ്റോയാണ് ഈ സീസണില്‍ ടീമിന്റെ മുന്നേറ്റ നിരയില്‍ തിളങ്ങുന്നത്. പാരീസ് സെന്റ് ജെര്‍മെയ്‌നില്‍ നിന്നും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിഫലമാവുകയായിരുന്നു.

ഇതോടെ തങ്ങളുടെ മുന്നേറ്റ നിര കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി റയല്‍ ജൂലിയന്‍ അല്‍വാരസിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെക്കിങ് ഓര്‍ഡറില്‍ എര്‍ലിങ് ഹാലണ്ടിന് പിന്നിലായ അല്‍വാരസിനെ സ്വന്തമാക്കുന്നതോടെ ടീം കൂടുതല്‍ സ്‌റ്റേബിളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എര്‍ലിങ് ഹാലണ്ടിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളും റയല്‍ നേരത്തെ നടത്തിയിരുന്നു.

2022 ലോകകപ്പ് ജേതാവായ അല്‍വാരസ് ലോകത്തിലെ മികച്ച യുവ സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ്. സിറ്റിസണ്‍സിനായുള്ള 55 മത്സരത്തില്‍ നിന്നും 19 ഗോളും ആറ് അസിസ്റ്റുമാണ് അല്‍വാരസിന്റെ പേരിലുള്ളത്.

ജൂലിയന്‍ അല്‍വാരസിനെ സ്വന്തമാക്കണമെങ്കില്‍ റയല്‍ കുറച്ചധികം പണം മുടക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 60 മില്യണാണ് താരത്തിന്റെ എസ്റ്റിമേറ്റ് വാല്യൂ. 2027-28 സീസണ്‍ വരെയാണ് സിറ്റിയില്‍ അല്‍വാരസിന് കരാറുള്ളത്.

അതേസമയം, സീസണില്‍ മികച്ച പ്രകടനമാണ് സ്പാനിഷ് വമ്പന്‍മാര്‍ പുറത്തെടുക്കുന്നത്. കളിച്ച നാല് മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് റയല്‍. 12 പോയിന്റാണ് ലോസ് ബ്ലാങ്കോസിനുള്ളത്.

ലാ ലീഗയില്‍ റയല്‍ സോസിഡാഡിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം. സെപ്റ്റംബര്‍ 18ന് നടക്കുന്ന മത്സരത്തിന് സാന്‍ഡിയാഗോ ബെര്‍ണാബ്യൂവാണ് വേദിയാകുന്നത്.

Content highlight: Reports says Real Madrid trying to sign Julian Alvarez

Latest Stories

We use cookies to give you the best possible experience. Learn more