മെസിയുടെ ആശാന്‍ റയല്‍ മാഡ്രിഡിലേക്ക്? ഒന്നടങ്കം ഞെട്ടി യൂറോപ്യന്‍ ഫുട്‌ബോള്‍
Sports News
മെസിയുടെ ആശാന്‍ റയല്‍ മാഡ്രിഡിലേക്ക്? ഒന്നടങ്കം ഞെട്ടി യൂറോപ്യന്‍ ഫുട്‌ബോള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th November 2023, 11:32 pm

അര്‍ജന്റീനയെ ട്രിപ്പിള്‍ ക്രൗണ്‍ ചാമ്പ്യന്‍മാരാക്കിയ ലയണല്‍ സ്‌കലോണിയെ സ്വന്തമാക്കാന്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കാര്‍ലോ ആന്‍സലോട്ടിയുടെ കരാര്‍ അടുത്ത സമ്മറോടെ അവസാനിക്കാനിരിക്കവെയാണ് റയല്‍ സ്‌കലോണിയെ സാന്‍ ഡിയാഗോ ബെര്‍ണാബ്യൂവിലെത്തിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രമുഖ ജേര്‍ണലിസ്റ്റായ ഫെര്‍ണാണ്ടോ സിസിന്റെ റിപ്പോര്‍ട്ട് പ്രകാരം റയല്‍ മാഡ്രിഡ് സ്‌കലോണിയെ പ്രതിനിധീകരിക്കുന്ന ജര്‍മന്‍ ഏജന്‍സിയുമായി ഇതിനോടകം ബന്ധപ്പെട്ട് കഴിഞ്ഞു.

നാഷണല്‍ ഡ്യൂട്ടിയില്‍ നിന്നും പടിയിറങ്ങാന്‍ സാധ്യതയുള്ള സ്‌കലോണിയെ ടീമിലെത്തിക്കാനുള്ള ചരടുവലികള്‍ റയല്‍ ഇപ്പോഴേ ആരംഭിച്ചെന്നാണ് ടീമിന്റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.

നേരത്തെ അര്‍ജന്റൈന്‍ നാഷണല്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയേക്കാമെന്ന സൂചനകള്‍ സ്‌കലോണി നല്‍കിയിരുന്നു. 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനുള്ള അര്‍ജന്റീനയുടെ വിജയത്തിന് ശേഷമായിരുന്നു സ്‌കലോണിയുടെ പ്രതികരണം.

‘അര്‍ജന്റീനന്‍ ടീമിനൊപ്പം ഇനി മുന്നോട്ട് പോകണോ എന്ന് ചിന്തിച്ച് തുടങ്ങേണ്ട സമയമാണിത്. അര്‍ജന്റീനയിലെ താരങ്ങള്‍ എനിക്ക് ഒരുപാട് നല്ല നിമിഷങ്ങള്‍ തന്നു. എന്നാല്‍ ഇപ്പോള്‍ ഭാവിയില്‍ ഞാന്‍ എന്തുചെയ്യാന്‍ പോകുന്നു എന്നതിനെക്കുറിച്ച് കൃത്യമായി ചിന്തിക്കേണ്ടതുണ്ട്.

ഒരു യാത്ര പറച്ചിലല്ല. ടീമിന് മികച്ച പ്രകടനം നടത്താന്‍ വളരെയധികം ഊര്‍ജ്ജം ആവശ്യമാണ്. ടീമിനെ തുടര്‍ച്ചയായി വിജയിപ്പിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ചിന്തിക്കേണ്ട സമയമാണിത്. ടീമിന് ഇപ്പോള്‍ വേണ്ടത് പരമാവധി ഊര്‍ജ്ജവും ഭദ്രവുമായ ഒരു പുതിയ പരിശീലകനെയാണ്,’ ഓള്‍ എബൗട്ട് അര്‍ജന്റീനക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌കലോണി പറഞ്ഞു.

2018ലാണ് ലയണല്‍ സ്‌കലോണി അര്‍ജന്റീനയുടെ പരിശീലകനായി ചുമതലയേറ്റത്. ശേഷം അര്‍ജന്റീനയെ ലോകത്തിന് നെറുകിലെത്തിക്കാനും സ്‌കലോണിക്ക് സാധിച്ചിരുന്നു.

2021ല്‍ ബ്രസീലിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തെറിഞ്ഞ് അര്‍ജന്‍രീനയെ കോപ്പ അമേരിക്ക കിരീടം ചൂടിച്ച സ്‌കലോണി ഫൈനലിസിമ കിരീടവും അര്‍ജന്റീനക്ക് നേടിക്കൊടുത്തിരുന്നു. അസൂറികളെ പരാജയപ്പെടുത്തിയാണ് ആല്‍ബിസെലസ്റ്റ്‌സ് കിരീടമണിഞ്ഞത്.

ഐസിങ് ഓണ്‍ ദി കേക്ക് എന്ന പോലെ 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ച സ്‌കലോണി പരിശീലകനെന്ന നിലയില്‍ സ്വയം പൂര്‍ണനാവുകയായിരുന്നു.

 

 

Content highlight: Reports says Real Madrid tries to sign Lionel Scaloni as coach